വ്യവസായ മേഖലകൾക്കും ഊർജം പകർന്ന് അഞ്ചാമത് ആഗോള സംരംഭകത്വ ഫോറം ബഹ്‌റൈനിൽ സമാപിച്ചു. 2050ലെ ലോകം എന്ന പ്രമേയത്തിലുള്ള ചർച്ചകളും സംരംഭകർക്കുള്ള വിവിധ ചർച്ചാ സെഷനുകളുമടക്കം സജീവമായിരുന്നു ബഹ്‌റൈനിലെ നടന്ന ആഗോള സംരംഭകത്വ ഫോറം. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്ത ഫോറം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സംഘടിപ്പിച്ചത്.
അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. അഹ്‌മദ് അബുൽ ഗൈഥ് സമ്മേളനത്തിൽ പങ്കെടുത്തു. ബഹ്‌റൈനിലെ രാജ കുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. സംരംഭകർക്കുള്ള വിവിധ ചർച്ചാ സെഷനുകൾ കൊണ്ട് സജീവമായ ഫോറം യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് ഓർഗനൈസേഷന് കീഴിലുള്ള ടെക്‌നോളജി ആൻഡ് ഇൻവെസ്റ്റ്‌മെൻറ് പ്രമോഷൻ ഓഫിസാണ് സംഘടിപ്പിച്ചത്.
അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് കൗൺസിൽ, അറബ് ചേംബർ യൂനിയൻ, ആഫ്രിക്കയിലെ അറബ് ഇക്കണോമിക് ഡെവലപ്‌മെൻറ് ബാങ്ക്, ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഫോർ ഡെവലപ്‌മെൻറ്,ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ്, എന്നിവയുടെ സഹകരണത്തോടെയായിരുന്നു സംഘാടനം. ഫോറത്തോടനുബന്ധിച്ച് വിപുലമായ പ്രദർശനവും ഒരുക്കിയിരുന്നു. സംരംഭകത്വ മേഖലയിൽ മികവ് തെളിയിച്ച ഡോ. ശൈഖ മയ് ബിൻത് സുലൈമാൻ അൽ ഉതൈബി, സഫിയ അലി കാനൂ, മികച്ച ഡിസൈനറായ അമ്മാർ ബഷീർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.