അബൂദബി: 200 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് സർവീസ് തുടങ്ങി. വാരാന്ത്യ ദിവസങ്ങളിലാണ് റീം ഐലൻഡിൽ നിന്ന് മറീന മാളിലേക്കാണ് ബസ് സർവീസ് നടത്തുക. 25 കേന്ദ്രങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റെയിലില്ലാ ട്രാമിന് സമാനമായ ഇലക്ട്രിക് ബസ് സർവീസ് നടത്തുക. അൽ റീം മാളിൽ നിന്ന് സായിദ് ഫസ്റ്റ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവ വഴി മറീന മാളിലേക്ക് 27 കിലോമീറ്ററാണ് ഈ ബസ് സർവീസ് നടത്തുക. 25 കേന്ദ്രങ്ങളിൽ ഇതിന് സ്റ്റോപ്പുണ്ടാകും.
ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്പോർട്ട് എന്ന പേരിൽ അബൂദബി സംയോജിത ഗതാഗതകേന്ദ്രവും അബൂദബി നഗരസഭ, ഗതാഗത വകുപ്പും നടപ്പാക്കുന്ന ഗതാഗത പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടാണ് ഈ ബസ് സർവീസ്. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര പൊതുഗതാഗത സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഒരേ സമയം 200 പേർക്ക് യാത്ര ചെയ്യാവുന്ന ബസ് നിരത്തിലിറക്കിയിരിക്കുന്നത്.