ദോഹ: ആകാശത്തിരുന്ന് ഖത്തറിലെ ദോഹയടക്കമുള്ള പ്രധാന കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി ഡിസ്‌കവർ ഖത്തർ. ജൂൺ 27 ന് ചെറു വിമാനത്തിലുള്ള എയർ ടൂറിന് തുടക്കം കുറിക്കും. വെറും 45 മിനിറ്റിനുള്ളിൽ ആകാശത്തിരുന്ന് ദോഹയും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് ഡിസ്‌കവർ ഖത്തർ.
ഏഷ്യൻ, യൂറോപ്പ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയിൽ ദോഹയിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ തങ്ങുന്ന സമയം ഡിസ്‌കവർ ഖത്തർ എയർ ടൂറിലൂടെ ഖത്തർ കാണാം. എട്ടു പേർക്ക് ഇരിക്കാവുന്ന ഒറ്റ എഞ്ചിൻ ചെറു വിമാനമായ ‘സെസ്‌ന 208 കരാവൻ’ ആണ് എയർടൂറിനായി ഡിസ്‌കവർ ഖത്തർ അവതരിപ്പിക്കുന്നത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീമിയർ ടെർമിനലിൽ നിന്ന് പറന്നുയരുന്ന വിമാനം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും സാംസ്‌കാരിക, കായിക വേദികളുടേയും മുകളിലൂടെ പറന്ന് ആകാശ കാഴ്ചകൾ സമ്മാനിക്കും.
ഒരാൾക്ക് 710 റിയാലാണ് ടിക്കറ്റ് നിരക്ക്. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ഹമദ് വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് 850 റിയാൽ നിരക്കിൽ എയർടൂർ ബുക്ക് ചെയ്യാം. ആറ് മണിക്കൂറോ അതിൽ കൂടുതലോ ട്രാൻസിറ്റ് സമയമുള്ള യാത്രക്കാർക്കാണ് എയർ ടൂറിന് സൗകര്യമുണ്ടാവുക. ജൂൺ 27ന് തുടക്കം കുറിക്കുന്ന എയർ ടൂറിന് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.