ദോഹ: ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വലിയ റെക്കോര്‍ഡ്. 42 ലക്ഷത്തിലേറെ പേരാണ് എക്‌സ്‌പോ കാണാനെത്തിയത്. 30 ലക്ഷം സന്ദര്‍ശകരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വര്‍ണാഭമായ സമാപന ചടങ്ങാണ് ഖത്തറില്‍ ഒരുക്കിയത്. 6 മാസക്കാലം എക്‌സ്‌പോയെ സമ്പന്നമാക്കിയ കലാസാംസ്‌കരിക പരിപാടികള്‍ സമാപന വേദിയെയും സമ്പന്നമാക്കി.
കൂറ്റന്‍ വെടിക്കെട്ടും ഒരുക്കിയിരുന്നു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ പേരെ ആകര്‍ഷിച്ചാണ് അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്‌സ്‌പോ ഖത്തറില്‍ നിന്നും വിടപറഞ്ഞത്. ഏകദേശം 4,220,000 ത്തോളം പേര്‍ എക്‌സ്‌പോ കാണാനെത്തി. ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ എക്‌സ്‌പോയില്‍ 77 രാജ്യങ്ങള്‍ക്കാണ് പവലിയനുണ്ടായിരുന്നത്. ആറ് മാസത്തിനിടെ ചെറുതും വലുതുമായ ഏഴായിരത്തോളം പരിപാടികള്‍ ഇവിടെ അരങ്ങേറി. 54 ദേശീയ ദിനാഘോഷങ്ങള്‍, 198 സര്‍ക്കാര്‍ പരിപാടികള്‍, 600 സ്റ്റേജ് പെര്‍ഫോര്‍മെന്‍സുകള്‍ 1700 ലേറെ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങി നീണ്ടു പോകുന്നതാണ് പരിപാടികളുടെ നിര.