ദോഹ : ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തെ മാറ്റിമറിച്ച് ദോഹ മെട്രോ. സർവീസ് ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് 20 കോടി യാത്രക്കാർ എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തറിലെ ദോഹ മെട്രോ റെയിൽ. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കമായി പൊതുഗതാഗത രംഗത്ത് 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ സർവീസ് ആരംഭിക്കുന്നത് . ദോഹ മെട്രോ 200 ദശലക്ഷത്തിലധികം റൈഡർഷിപ്പ് രേഖപ്പെടുത്തിയതായി ഖത്തർ റെയിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 100 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന നേട്ടം മെട്രോ സ്വന്തമാക്കിയിരുന്നു.
എന്നാൽ ഇതിന് ശേഷം വെറും ഒരു വർഷം കൊണ്ടാണ് 20 കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. ഗ്രീൻ, റെഡ്, ഗോൾഡ്, എന്നീ മൂന്ന് ലൈനുകളിലായി 37 സ്റ്റേഷനുകൾ അടങ്ങുന്ന വിപുലമായ നെറ്റ്‌വർക്കാണ് മെട്രോയുടേത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് മെട്രോ ഒരുക്കിയ സൗജന്യ ബസ് സർവീസും കൂടുതൽ ആളുകൾക്ക് മെട്രോ യാത്ര തിരഞ്ഞെടുക്കാൻ പ്രചോദനമായി.
2019ൽ വെറും 13 റൂട്ടുകളിലായി ആരംഭിച്ച മെട്രോലിങ്ക് ബസ് സർവീസ് ഇപ്പോൾ 37 സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 61 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്.