ദോഹ: ഖത്തറിലെ പൊതുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റിയ ദോഹ മെട്രോയില്‍ യാത്രക്കാരുടെ എണ്ണം 10 കോടി കടന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് മെട്രോയില്‍ ഇത്രയധികം പേര്‍ യാത്ര ചെയ്തത്. 2019 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ദോഹ മെട്രോ അതിന്റെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് 2020ലാണ്. അന്നുതൊട്ട് ഖത്തറിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റമാണ് മെട്രോ വരുത്തിയത്. എല്ലാവരും പ്രശംസിച്ച ഖത്തര്‍ ലോകകപ്പിന്റെ ഗതാഗത സംവിധാനങ്ങളുടെ ആണിക്കല്ല് ഈ മെട്രോയായിരുന്നു.
51 ശതമാനം ആരാധകരും സ്റ്റേഡിയത്തിലെത്താന്‍ ആശ്രയിച്ചത് മെട്രോയെ, ഏതാണ്ട് ഒരു കോടി എഴുപത്തഞ്ച് ലക്ഷം പേര്‍ യാത്ര ചെയ്തെന്നാണ് കണക്ക്. ലോകകപ്പിന് മുൻപ് അറബ് കപ്പ് സമയത്തും മെട്രോയെ ആരാധകര്‍ കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നു. ലോകകപ്പിന് ശേഷം അതിന് മുമ്പുള്ളതിനേക്കാള്‍ മെട്രോ ട്രെയിനുകളില്‍ തിരക്ക് കൂടിയിട്ടുണ്ട്. ഇത് പൊതുഗതാഗതം കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അതിനിടയിലാണ് മെട്രോയിലെ ആകെ യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തുന്നത്.