ദുബായ് : ലോകത്തെ ഏറ്റവും വലിയ പുസ്തകപ്രദർശനമായ ബിഗ് ബാഡ് വുൾഫ് നവംബറിൽ ദുബായിൽ തിരിച്ചെത്തുന്നു. പുസ്തകങ്ങൾക്ക് 75% വരെ വിലക്കിഴിവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിഗ് ബാഡ് വുൾഫിന്റെ ആറാം പതിപ്പ് ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജുകളിൽ നവംബർ 29 മുതൽ ഡിസംബർ 9 വരെ രാവിലെ 10 മുതൽ 12 വരെയാണ് നടക്കുക. ബെസ്റ്റ് സെല്ലറുകൾ, ജീവചരിത്രങ്ങൾ, ഗ്രാഫിക് നോവലുകൾ, പാചകപുസ്തകങ്ങൾ എന്നിവയുൾപ്പെടെ 20 ലക്ഷത്തിലേറെ പുസ്തകങ്ങൾ വിൽപനയ്ക്കുണ്ടാകും. കുട്ടികളുടെ പുസ്‌തകങ്ങൾ, ക്ലാസിക്കുകൾ, സയൻസ് ഫിക് ഷൻ, കലയും കരകൗശലവും, ചരിത്രം, ബിസിനസ്സ് പുസ്‌തകങ്ങൾ എന്നിവയും അറബിക് പുസ്തകങ്ങളും ലഭ്യമാകും.
2009-ൽ ആരംഭിച്ചതുമുതൽ ഫിലിപ്പീൻസ്, കംബോഡിയ, ഹോങ്കോങ്, ഇന്തോനീഷ്യ, മ്യാൻമർ, പാക്കിസ്ഥാൻ, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങി 15 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 37 നഗരങ്ങളിൽ പര്യടനം നടത്തിയ ബിഗ് ബാഡ് വുൾഫ് ബുക്സ് ആഗോള പ്രസ്ഥാനമായി മാറി. തായ്‌വാൻ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിലും പ്രദർശനം നടത്തി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വായനയുടെ സന്തോഷം കണ്ടെത്തുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിഗ് ബാഡ് വുൾഫിന്റെ സ്ഥാപകൻ ആൻഡ്രൂ യാപ്പ് പറഞ്ഞു. ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ആണ് പരിപാടിക്ക് പിന്തുണ നൽകുന്നത്.