ദുബായ്: സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ ദുബായിലെ കുറ്റകൃത്യ നിരക്ക് 25% കുറഞ്ഞു. ഈ വർഷം ആദ്യപാദത്തിലെ കണക്ക് അനുസരിച്ചാണിത്. സമസ്ത മേഖലകളിലും രാപകൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വഹിച്ച പങ്കിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് എന്നിവർ അഭിനന്ദിച്ചു.
അജ്ഞാത ആക്രമണങ്ങളിലും 14% കുറവുണ്ട്. ഭയാനകമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുക, പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുക, നിർദിഷ്ട മേഖലകളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുക, ഫലപ്രദമായ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയിലും ആശാവഹമായ പുരോഗതിയുണ്ടായി. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റകൃത്യ സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കാനായതും നേട്ടമായി.
പൊലീസ് ഉൾപ്പെടെ വിവിധ മേഖലകൾ ചേർന്നു നടത്തിയ കഠിനാധ്വാമാണ് ലോകത്തെ സുരക്ഷിത നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റിയത്. ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ മുന്നിലാണ് ദുബായ്. താമസക്കാരുടെ ക്ഷേമത്തിനും സംതൃപ്തിക്കും മുൻഗണന നൽകിവരുന്നതിനാൽ വിദേശികളുടെ ഇഷ്ടകേന്ദ്രമായി സുവർണ നഗരി തുടരുന്നു. വ്യക്തിഗത സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ഡിജിറ്റൽ, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയവയിലെ മികവും ദുബായിക്ക് ജനമനസ്സിൽ ഇടം നേടിക്കൊടുത്തു.