കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 250-ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നു.
സംഖ്യ ഉയരുന്നതോടെ യൂറോപ്യന്‍ രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും. 10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്.
കോടീശ്വരന്മാര്‍ യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണമേധാവി ആന്‍ഡ്രൂ അമോയില്‍സ് പറയുന്നു. ദുബായില്‍ ലഭിക്കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങള്‍, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകര്‍ഷിക്കുന്ന മേഖലകള്‍.