ദുബായ്: പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനായി പ്രഖ്യാപിച്ച ദുബായ് കാൻ പദ്ധതി വൻ വിജയം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണത്തിൽ 15 മാസം കൊണ്ട് ഗണ്യമായ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി 15 മാസം പിന്നിടുമ്പോൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. കുടിവെള്ളത്തിനായി പുനരുപയോഗ വെള്ളക്കുപ്പികളും പൊതുകുടിവെള്ള സംഭരണികളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പത്ത് മില്യൻ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ സാധിച്ചതായി ദുബായ് സാമ്പത്തിക – വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.
വാട്ടർ സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ദുബായുടെ വിവിധയിടങ്ങളിൽ സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീ ഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിക്ക് അനുകൂലമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ജനങ്ങളുടെ ചിന്താഗതി മാറ്റുന്നതിലും വലിയ പുരോഗതി കൈവരിക്കാൻ പദ്ധതിയിലൂടെ സാധിച്ചെന്ന് അധികൃതർ വ്യക്തമാക്കി.