ജിദ്ദ: സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരം കാണാൻ ടിക്കറ്റെടുക്കുന്നവർക്ക് ഇലക്ട്രോണിക് വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് സൗദിയിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്. മാഞ്ചസ്റ്റർ സിറ്റിയും സൗദി ക്ലബ്ബുമടക്കം ഏഴ് ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന് ഈ മാസം 12ന് തുടക്കമാകും.
ഈ മാസം 12 മുതൽ 22 വരെ 10 ദിവസങ്ങളിലായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. മത്സരം കാണാനുള്ള ടിക്കറ്റെടുക്കുന്നവർക്ക് സൌദിയിലേക്ക് പ്രവേശിക്കുവാൻ ഇലക്ട്രോണിക് വിസ അനുവദിക്കുവാനാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ വിസ സംവിധാനം നടപ്പിലാക്കുന്നത്.