ജിദ്ദ റെഡ്സീ ചലച്ചിത്രോത്സവത്തിന് ഈ മാസം അഞ്ചിന് തുടക്കമാകും. ചരിത്ര നഗരമായ ജിദ്ദയിലെ പുരാതന പട്ടണമായ ബലദിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ജിദ്ദ ചലച്ചിത്രോത്സവത്തിന്റെ ആദ്യ എഡിഷൻ നടന്ന ബലദിലേക്ക് നീണ്ട ഇടവേളക്ക് ശേഷമാണ് ചലച്ചിത്രോത്സവം തിരികെ എത്തുന്നത്.
ബോളിവുഡിലെ പ്രമുഖ താരങ്ങളായ കരീന കപൂറും ആമിർ ഖാനുമാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് എത്തുന്ന പ്രമുഖ താരങ്ങൾ. മലയാളി സംവിധായകൻ നിഥിൻ ലൂക്കോസ് ഇത്തവണ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കും . ആദ്യ എഡിഷനിലും നിഥിൻ ലൂക്കോസ് എത്തിയിരുന്നു. നിഥിൻ സംവിധാനം ചെയ്ത പക ആദ്യഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു.
എല്ലാ വർഷവും ഇന്ത്യയിൽനിന്നുള്ള താരങ്ങൾ ചെങ്കടൽ തീരത്തെ ഫിലിം ഫെസ്റ്റിവെലിന്റെ ഭാഗമാകാറുണ്ട്. മുൻ വർഷങ്ങളിൽ രൺബീർ കപൂർ, ഷാറൂഖ് ഖാൻ എന്നിവരും ഇന്ത്യയിൽനിന്ന് എത്തിയിരുന്നു. പത്തു ദിവസമാണ് ഫിലിം ഫെസ്റ്റിവെൽ നീണ്ടുനിൽക്കുക. പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും നിര്‍മാതാവുമായ നിക്കോളാസ് കേജ് ആണ് മേളയുടെ ആദ്യദിവസത്തെ ആതിഥേയന്‍.
ഈജിപ്ഷ്യന്‍ സഹകരണത്തോടെ സൗദി നിര്‍മിച്ച ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി എന്ന ചിത്രമാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിക്കുക. ഇത്തവണ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളുമുള്‍പ്പെടെ 150 സിനിമകള്‍ പ്രദർശിപ്പിക്കും. കഴിഞ്ഞ വര്‍ഷം 39,410 പ്രേക്ഷകരാണ് പങ്കാളികളായത്. ഇത്തവണയും 40, 000 പേരുടെ പ്രാതിനിധ്യമുണ്ടാകും.