ദുബൈ: കഴിഞ്ഞ വർഷം മാത്രം ദുബൈയിൽ 1.58ലക്ഷം ഗോൾഡൻ വിസകൾ അനുവദിച്ചു. മികവ് തെളിയിച്ച വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ, ഉന്നത വിജയികളായ വിദ്യാർഥികൾ, പ്രോപ്പർട്ട് മേഖലയിലെ നിക്ഷേപകർ തുടങ്ങിയ നിശ്ചിത രംഗങ്ങളിലുള്ളവർക്കാണ് 10വർഷ കാലാവധിയുള്ള വിസ അനുവദിച്ചു വരുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഗോൾഡൻ വിസകൾ അനുവദിച്ചതിന്റെ കണക്കുകൾ പുറത്തുവിട്ടത്. 2022ലെ കണക്കുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗോൾഡൻ വിസ ലഭിച്ചവരുടെ എണ്ണം ഇരട്ടിയായതായി ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 2022ൽ ആകെ വിസ നേടിയവരുടെ എണ്ണം 79,617 ആയിരുന്നു. ഗോൾഡൻ വിസ നൽകുന്നത് സജീവമായ 2021ൽ 47,150പേർക്കാണ്‌ലഭിച്ചിരുന്നത്. ഓരോ വർഷവും ഗോൾഡൻ വിസ ലഭിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യാത്രക്കാരുടെ സേവനങ്ങൾക്ക് നിർമ്മിത ബുദ്ധി സംവിധാനം കൂടുതലായി ഉപയോഗിക്കാൻ ആസൂത്രണം ചെയ്തുവരികയാണെന്നും ഡയറക്ടർ ജനറൽ വയക്തമാക്കി. ദുബൈ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം പ്രവചിക്കുന്നതിനും സംവിധാനം ഉപകാരപ്പെടും. ഈ വർഷം ആദ്യ പാദത്തിൽ ജി.ഡി.ആർ.എഫ്.എ 35.18ലക്ഷം ഇടപാടുകൾ പൂർത്തീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 1.9കോടി ഇടപാടുകളാണ് നടന്നത്. അതോടൊപ്പം 6കോടി യാത്രക്കാർ ദുബൈയുടെ കര, വ്യോമ, കടൽ അതിർത്തികൾ വഴി യാത്ര ചെയ്യുകയും ചെയ്തു.