ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ(ഞായറാഴ്ച) നടക്കും. മുസ്ലിം ലീഗ്, സി.പി.എം അനുഭാവ സംഘടനകൾ ഒരു മുന്നണിയായി കോൺഗ്രസ് സഖ്യത്തിനെതിരെ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം.
രാവിലെ എട്ടരക്ക് ദുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിലാണ് പോളിങ് ആരംഭിക്കുക. പതിനയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളുകളുടെ ഭരണചുമതല ആർക്ക് എന്നത് കൂടി നിശ്ചയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് ഫലമാണ്.
മുൻ പ്രസിഡന്റ് ഇ.പി ജോൺസൻ, നിലവിലെ പ്രസിഡന്റ് വൈ. എ. റഹീം എന്നിവർ നേതൃത്വം നൽകുന്ന കോൺഗ്രസ് സംഘടനകളുടെ മുന്നണിയായ ജനാധിപത്യ മുന്നണി. കെ എം സി സി നേതാവ് നിസാർ തളങ്കര, സി പി എം സംഘടനയായ മാസിന്റെ നേതാവ് ശ്രീപ്രകാശ് എന്നിവർ നേതൃത്വം നല്‍കുന്ന ലീഗ്-സി.പി.എം മുന്നണിയായ മതേതര ജനാധിപത്യ മുന്നണി എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
ബി.ജെ.പി സംഘടനയായ ഐ പി എഫ് നേതൃത്വം നൽകുന്ന സമഗ്ര വികസന മുന്നണിയും രംഗത്തുണ്ട്. പ്രവാസികൾക്ക് യൂനിവേഴ്സിറ്റി ഉൾപ്പെടെയുള്ള വാഗ്ദാനമാണ് കോൺഗ്രസ് മുന്നണിയുടെ ഹൈലൈറ്റ്. അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമവും, പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമാണ് മതേതര ജനാധിപത്യ മുന്നണിയുടെ പ്രധാന വാഗ്ദാനം. വൈകുന്നേരം ആറ് വരെയാണ് പോളിങ് സമയം. ആറരക്ക് വോട്ടെണ്ണൽ തുടങ്ങും. രാത്രി ഒമ്പതോടെ ഫല സൂചനകൾ ലഭ്യമായി തുടങ്ങും.