ന്യൂഡൽഹി: മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നരേന്ദ്ര മോദിക്ക് ഒമാൻ, ഖത്തർ ഭരണാധികാരികൾ അഭിനന്ദനങ്ങൾ നേർന്നു. തിരിച്ച് ഒമാൻ സുൽത്താനും ഖത്തർ അമീറിനും അവിടങ്ങളിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മോദിയെ ടെലിഫോണിലൂടെ അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. തന്റെ ഖത്തര്‍ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി അമീറിനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചു.
ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ഒമാൻ സുൽത്താൻ ആശംസകൾ നേർന്നു. ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, സമൂഹ മാധ്യമമായ ‘എക്സ്’ ഉടമയും ടെസ്ല മോട്ടോഴ്സ് സി.ഇ.ഒയുമായ ഇലോൺ മസ്ക്, അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി, യുഗാണ്ട പ്രസിഡന്റ് യോവേരി കെ മുസെവേനി, സ്ലൊവേനിയൻ പ്രധാനമന്ത്രി റോബർട്ട് ഗോലോബ് തുടങ്ങിയവരും മോദിയെ അഭിനന്ദിച്ചു.