Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfപുസ്തകങ്ങളെ സ്നേഹിച്ച മലയാളിക്ക് യുഎഇയുടെ പുരസ്കാരം; അഭിമാന നേട്ടം ലൈബ്രേറിയൻ രഘുനാഥിന്

പുസ്തകങ്ങളെ സ്നേഹിച്ച മലയാളിക്ക് യുഎഇയുടെ പുരസ്കാരം; അഭിമാന നേട്ടം ലൈബ്രേറിയൻ രഘുനാഥിന്

‌ദുബായ്: പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിച്ച മലയാളി ലൈബ്രേറിയന് ദുബായ് സർക്കാരിന്‍റെ സവിശേഷ ബഹുമതി. ദുബായിലെ ജെംസ് മോഡേൺ അക്കാദമിയിൽ സീനിയർ ലൈബ്രേറിയൻ  കണ്ണൂർ മലപ്പട്ടം സ്വദേശി  എം. ഒ. രഘുനാഥിനാണ് എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ ദുബായ് എക്സ്ക്യൂട്ടീവ് കൗൺസിലുമായി ചേർന്നു നൽകുന്ന 2024ലെ  ‘സ്കൂൾ ലൈബ്രേറിയൻ അവാർഡ്’ ലഭിച്ചത്.  യു എ ഇയിലെ സ്കൂൾ ലൈബ്രറികളുടെ പുരോഗതിക്കും വായനയുടെ വളർച്ചയ്ക്കും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ നൽകുന്ന പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് കവി കൂടിയായ രഘുനാഥ്.

കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകളിൽ നിന്ന് യഥാക്രമം ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദവും ബിസിനസ് സ്റ്റഡീസിൽ ബിരുദവും നേടിയ ശേഷം യുഎഇയിലെത്തിയ ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി ഒരേ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. പുസ്തകസഹവാസത്തിനിടെ വായനയെയും കവിതാ രചനയെയും ഒപ്പം കൂട്ടിയ രഘുനാഥ് അറിവിന്‍റെയും സാഹിത്യത്തിന്‍റെയും ലോകത്ത് താൻ നടന്നുവന്ന വഴികളെക്കുറിച്ചും പുരസ്കാരത്തെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുന്നു:

മൂന്നാം വട്ടം വിജയം സ്വന്തമാക്കി
പ്രഫഷനൽ  രംഗത്ത് നിരന്തരം പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും സ്വയം വിധേയമാകാൻ തയ്യാറായതാണ് രഘുനാഥിന്‍റെ വിജയത്തിന് പിന്നിൽ. യുഎഇയിലെ ഏറ്റവും ശ്രദ്ധേയമായ അക്കാദമിക് പുരസ്കാരമെന്ന നിലയിൽ എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷന്‍റെ ‘ലൈബ്രേറിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി എന്ന നിലയിൽ ഇദ്ദേഹത്തിന്‍റെ വിജയം എല്ലാ പ്രവാസി മലയാളികൾക്കും അഭിമാനമാണ്. ഈ രംഗത്തെ കൃത്യമായ വിവരങ്ങളും രേഖകളും വിശദമായി ഉൾപ്പെടുത്തിക്കൊണ്ട്, ഒരു ലൈബ്രറി പ്രഫഷനലിനെ ആരെങ്കിലും ഈ പുരസ്‌കാരത്തിനായി നിർദേശിക്കണമെന്നതാണ് നിബന്ധന. ഇദ്ദേഹത്തെ ഇതിനുമുൻപ് പലപ്പോഴായി മൂന്നു തവണ ഈ അവാർഡിനായി നാമനിർദേശം ചെയ്തിട്ടുണ്ട്. അതിൽ ആദ്യ രണ്ടുവട്ടവും ഫൈനൽ റൗണ്ടിൽ എത്തുവാനും കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് എത്തുവാനും സാധിച്ചു. ഒടുവിൽ ഈ വർഷം വിജയമധുരം.


ലൈബ്രേറിയൻ ആകുക എന്നത് അധികമാരും ചെറുപ്പകാലങ്ങളിൽ സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ, ഭാവിയിൽ അങ്ങനെ ആവണം എന്ന് പൊതുവെ പറഞ്ഞുവയ്ക്കുകയോ ചെയ്യാത്ത ജോലിയാണെന്ന് രഘുനാഥ് പറയുന്നു. ഇത്തരമൊരു സാമൂഹിക അന്തരീക്ഷത്തിലാണ് ഞാനും വളർന്നത്. അതിന് പല കാരണങ്ങളുണ്ട്. ഒരുകാലത്ത് പൊതുവെ നാം പുലർത്തിപ്പോന്ന ചില കാഴ്ചപ്പാടുകളും അക്കാദമിക് ലൈബ്രറികളുടെ പരിമിതമായ അവസ്ഥയും നിലവാരക്കുറവും ഒക്കെ അക്കാലത്ത് ഈ മേഖലയിലേക്ക് ഉദ്യോഗാർഥികളെ മറ്റുള്ള ജോലികൾ പോലെ ആകർഷിച്ചിരുന്നില്ല. വളരെ വിരളമായി മാത്രമേ ഈ മേഖലയിൽ സാധ്യതയുള്ളൂ എന്നത് ഒരുപരിധിവരെ ഇന്നും തുടരുന്ന യാഥാർഥ്യമാണ്. വായനയും ഏഴുത്തും ഒക്കെ താല്പര്യമുള്ള കാര്യങ്ങളായിരുന്നെങ്കിലും ലൈബ്രേറിയൻ എന്നത് ഒരു ജീവിതോപാധിയായി തിരഞ്ഞെടുക്കാൻ ആലോചിച്ചിരുന്നില്ല. 

ബിസിനസ് സ്റ്റഡീസിൽ ബിരുദവും സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കംപ്യൂട്ടർ കോഴ്‌സും കഴിഞ്ഞ് നിൽക്കുന്ന കാലത്താണ് ലൈബ്രറി സയൻസ് കോഴ്‌സുകളെക്കുറിച്ച് അറിയുന്നത്. അന്നത്തെ വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളിലെ സമകാലീനനായ വി. ശിവദാസനാണ് (രാജ്യസഭാ എംപി ഡോ. വി. ശിവദാസൻ) ലൈബ്രറി സയൻസ് ബിരുദമെന്ന ആശയം പകർന്നതും പ്രേരണയായതും. കോഴ്സ് കഴിഞ്ഞിട്ടും നാട്ടിൽ നിന്നുകൊണ്ട് അതേ മേഖലയിൽ തൊഴിൽ അന്വേഷിച്ചു നിൽക്കാൻ അന്നത്തെ ജീവിത സാഹചര്യം അനുവദിച്ചില്ല. അങ്ങനെയാണ് കയ്യിലുള്ള സർട്ടിഫിക്കറ്റുകളുമായി പ്രവാസത്തിലേക്ക് നീങ്ങിയത്. ആ യാത്ര ആദ്യം ഗുജറാത്തിലും പിന്നീട് ഗൾഫിലും എത്തിച്ചു.


ചെറുപ്പം തൊട്ടേ പുസ്തകങ്ങളെ ഇഷ്ടമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു മത്സരത്തിൽ ലഭിച്ച സമ്മാനം തന്നെ ഒരു പുസ്തകമായിരുന്നുവെന്നത് ഇന്നും ഓർക്കുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമായിട്ടാണ് ഞാനതിനെ അഭിമാനപൂർവം കാണുന്നത്. ഞാൻ വളർന്നുവന്ന നാട് വായനശാലകളുടെ ഒരു വലിയ കേന്ദ്രമായിരുന്നു. ഓരോ വാർഡിലും ഗ്രന്ഥാലയമുള്ള നമ്മുടെ സംസ്ഥാനത്തെ തന്നെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നായിരിക്കുമത്. ഇതൊക്കെ വായനയെ പരിപോഷിപ്പിച്ചു. അക്കാലത്ത് ലഭ്യമായിരുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും മലയാളത്തിലുള്ളവയായിരുന്നു. ക്ലാസിക്കുകളുടെ മലയാള വിവർത്തനങ്ങൾ, പ്രത്യേകിച്ച് റഷ്യൻ കൃതികളായിരുന്നു അന്നത്തെ വായനശാലകളിലെ മുഖ്യ ആകർഷണങ്ങൾ. 

എല്ലാ അംഗീകാരങ്ങളും പ്രോത്സാഹനങ്ങൾ തന്നെയാണ്. അവ ഈ രംഗത്ത് തുടരുവാൻ കരുത്തും ഊർജവും നൽകുന്നു. കൂടുതൽ ഗൗരവത്തോടെ പ്രഫഷനെ സമീപിക്കണമെന്ന ഓർമപ്പെടുത്തലാണ് എനിക്ക് ഓരോ പുരസ്കാരവും. ഈ അംഗീകാരവും എന്‍റെ അന്വേഷങ്ങളേയും പഠനങ്ങളേയും മുന്നോട്ട് നയിക്കും എന്നുതന്നെ കരുതുന്നു.

പിന്നീട് അക്കാദമിക് മേഖലയിൽ ലൈബ്രേറിയൻ എന്ന ഔദ്യോഗിക വേഷത്തിലേക്ക് കടന്നപ്പോൾ പുസ്തകങ്ങൾ കൂട്ടുകാരായി മാറി. അവയുടെ പുതു ഗന്ധങ്ങളിലും നിറക്കാഴ്ചകളിലും അലിഞ്ഞുചേർന്നു. അതിൽ ഗുജറാത്തി ലിറ്ററേച്ചറുകൾ മുതൽ വിശ്വസാഹിത്യ ഗ്രന്ഥങ്ങൾ വരെ ഇക്കാലയളവിൽ വായനയിലൂടെ കടന്നുപോയി. ഏതൊക്കെ വായിക്കണം, എങ്ങനെ വായിക്കണം എന്നതൊക്കെ ഇക്കാലയളവിൽ മനസ്സിലാക്കാനുള്ള കഴിവ് നേടാൻ സാധിച്ചു എന്നതാണ് പ്രധാനകാര്യമായി തോന്നുന്നത്. ആഴവും പരപ്പുമുള്ള വായനയും ശേഷം ആ പുസ്തകം വിലയിരുത്തുന്ന സ്വഭാവവും ഇതിനിടയിൽ കൈവന്നതാണ്.

കവിതാമയം ജീവിതം
ചെറുപ്പം തൊട്ടേ, എഴുതാറുണ്ടായിരുന്നു.  നോവലുകളും കഥകളുമായിരുന്നു വായനയുടെ ലോകം കയ്യടക്കിയിരുന്നതെങ്കിലും എഴുത്തിൽ കവിതകളായിരുന്നു കടന്നുവന്നിരുന്നത്. അത്‌ ഇന്നും അങ്ങനെ പോകുന്നു. സ്കൂൾ-കോളജ് കാലങ്ങളിൽ മത്സരങ്ങൾക്കോ മാഗസിനുക്കൾക്കോ മാത്രമാണ് എഴുതിയിരുന്നത്. അല്ലാത്തപ്പോഴുള്ളത് കുറിപ്പുകളായി, അനാഥ ജന്മങ്ങളായി എവിടെയോ നഷ്ടമായിക്കൊണ്ടിരുന്നു. ജീവിതസമരത്തിൽ ഏറെക്കാലം എഴുത്തുതന്നെ വെറും തമാശയായിരുന്നു. സമൂഹമാധ്യമമാണ് എഴുത്തിനെ ഗൗരവത്തിൽ സമീപിക്കാനും മാറിയ രീതികളിലേക്ക് അതിനെ പരിഷ്കരിക്കുവാനും കാരണമായി വർത്തിച്ചത് എന്ന് പറയാം. ഇക്കാലയളവിലാണ് പണ്ടെങ്ങോ കണ്ടുമുട്ടിയവരെയും വഴിയിൽ നഷ്ടമായവരെയും ഒക്കെ വീണ്ടും ചേർത്തുവയ്ക്കാനും സാധിച്ചത്. ഇത്‌ പല പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രേരകശക്തിയായി വർത്തിക്കുകയും ചെയ്തു.

ജീവിതം അതിന്‍റെ മധ്യാഹ്നത്തിലേക്കുള്ള ചുവടുവയ്പ്പിനു തയ്യാറെടുക്കുമ്പോഴാണ് 2021ൽ പുസ്തകങ്ങൾ എന്ന സ്വപ്നത്തിലേക്ക് മാറുന്നത് . അതിന് ഏറ്റവും വലിയ പ്രേരണനൽകിയത് സൗഹൃദങ്ങൾ തന്നെ. എഴുതിയതും എഡിറ്റ്‌ ചെയ്തതുമായി ഇതുവരെ അഞ്ച് പുസ്തകങ്ങളാണുള്ളത്. ഇക്കാലയളവിൽ സുഹൃത്തുക്കൾക്കൊപ്പം ചില പുസ്തങ്ങൾക്ക് സഹ എഡിറ്റർ ആയും പ്രവർത്തിക്കുകയുണ്ടായി. 

ചില പ്രത്യേക കാരണങ്ങളാൽ രണ്ടു പുസ്തങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്. ആദ്യ പുസ്തകമായി കണക്കാക്കി പണി തുടങ്ങിയത് “ലേബർക്യാംപുകളിലെ തലയിണകളാ”ണെന്ന് പറയാമെങ്കിലും “ലൈബ്രേറിയൻ മരിച്ചിട്ടില്ല” എന്ന കവിതാസമാഹാരവും ഒപ്പം തന്നെ പ്രകാശിതമായി. പിന്നീട് നീണ്ട അന്വേഷണങ്ങളിലൂടെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത് കഥകളുമായി “ദേശാന്തര മലയാള കഥകൾ” പിറന്നു. അതേ കാലയളവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ പരിഭാഷ ചെയ്ത ലോകോത്തര പെൺ കവിതകളുടെ ഒരു സമാഹാരവും (അണയാത്ത കനലുകൾ) പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു പഠനവും ഒരു ഇംഗ്ലിഷിലുള്ള മറ്റൊരു പ്രോജക്റ്റും ഇപ്പോൾ അവസാനഘട്ടത്തിലാണ്.

അക്കാദമിക് മേഖലയിൽ ആയതിനാൽ ഒരേ സമയം പഠനത്തിനും സ്വാഭാവിക വായനയ്ക്കും സാധ്യത കൈവന്നു എന്നതാണ് വലിയ സൗഭാഗ്യമായി കാണുന്നത്. പുസ്തകങ്ങളുടെ സാന്നിധ്യം വായനയേയും എഴുത്തിനേയും ഗൗരവത്തോടെ സമീപിക്കുവാനും കാരണമായി. വായിച്ച പുസ്തകളിൽ ഇഷ്ടപ്പെടുന്ന ധാരാളമുണ്ട്. അതിൽ മലയാളത്തിൽ നിന്നും അല്ലാത്തതും ഉണ്ട്. ഓരോ വായനയും ഓരോ അനുഭവമായാണ് തോന്നാറുള്ളത്. ഒരേ പുസ്തകംതന്നെ വ്യത്യസ്ത കാലങ്ങളിൽ വേറിട്ട അനുഭവം പകരും. ‘ഖസാക്കിന്‍റെ ഇതിഹാസ’വും ‘പരിണാമ’വും ഉൾപ്പെടെയുള്ള പലതും നീണ്ട വർഷങ്ങൾക്കുശേഷം പുനർവായനയിലൂടെ കടന്നുപോയപ്പോൾ അത്‌ എടുത്തുപറയേണ്ടുന്നതായി തോന്നി. എങ്കിലും വിക്ടർ ഹ്യുഗോയുടെ ‘പാവങ്ങൾ’ എന്ന  മാസ്റ്റർപീസ് രചന പകർന്നത് മറ്റെല്ലാ വായനയേയും കവച്ചുവയ്ക്കുന്നതായി തോന്നിയിട്ടുണ്ട്.

വായന:പുതുതലമുറയെ എഴുതിത്തള്ളരുത് 
പുതുതലമുറ വായനയിൽ നിന്ന് അകന്നുവെന്ന വലിയൊരു പ്രചാരണം പൊതുവെയുണ്ട്. അത്‌ അംഗീകരിച്ചു നൽകാൻ എന്‍റെ അനുഭവം അനുവദിക്കുന്നില്ല.  അതിന്‍റെ മുന്നേറ്റവും സാധ്യതയും കണ്മുന്നിലൂടെ സംഭവിക്കുന്ന ചെറിയ അനുഭവം മാത്രമല്ല എന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലൈബ്രറി പ്രഫഷനലുകളുമായുള്ള സമ്പർക്കവും ഈ മേഖലയിലെ പഠനങ്ങളും രാജ്യാന്തര സമ്മേളനങ്ങളിലെ സാന്നിധ്യവും ഒക്കെ എന്‍റെ അഭിപ്രായത്തെ സ്വാധീനിക്കുന്നുണ്ട്. പണ്ടുകാലത്തും സമൂഹത്തിലെ ഒരു ചെറിയ  വിഭാഗമേ വായനയെ (അക്കാദമിക് അല്ലാതെ) ഗൗരവമായി സമീപിച്ചതായി നിരീക്ഷണത്തിൽ തോന്നിയിട്ടുള്ളൂ. മാറിയ കാലത്ത് വായനയ്ക്കും എഴുത്തിനും ഓൺലൈൻ മീഡിയകളുണ്ട്. പുതിയ തലമുറ അതും ഫലപ്രദമായി വിനിയോഗിക്കുന്നു. എക്കാലത്തേയും പോലുള്ള സ്വാഭാവികമായ സമീപനം ഇക്കാര്യത്തിൽ ഉണ്ടാകുന്നുമുണ്ട് എന്നിനാൽ അതിൽ ആശങ്ക വേണ്ടതില്ല. വിഷ്വൽ എഫക്ട് എന്നതിന്‍റെ വലിയ സാധ്യതകളുടെ ഈ ലോകത്ത് കേവല നൊസ്റ്റാൾജിക് പരിദേവനങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല.

പ്രവാസലോകത്തെ പുതു തലമുറ (കുട്ടികൾ) മലയാള വായനയെ വലിയ രീതിയിൽ സമീപിക്കുന്നില്ല എന്നത് ഇപ്പോഴും തുടരുന്ന ഒരു യാഥാർഥ്യമാണ്. അതിന് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. കേരളത്തിലെ  സാഹചര്യം പുറത്തുനിന്നു നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ മാത്രമാണ് മലയാളത്തിലുള്ള പുതു തലമുറയുടെ വായനയെ എനിക്ക് വിലയിരുത്താൻ സാധിക്കുക. അവിടെ പഴയകാലത്തെ അനുഭവങ്ങളെ മുൻ നിർത്തി വിലയിരുത്തൽ നടത്താൻ മുതിരുന്നത് അബദ്ധവുമാകും. മാറിയ കാലത്തെ ദൃശ്യമാധ്യമങ്ങളുടെ വേറിട്ട സാന്നിധ്യമുൾപ്പെടെ ഈ വിഷയത്തിൽ പഠനവിധേയമാക്കേണ്ടുന്ന കാര്യങ്ങളാണ്. പൊതുവിടങ്ങളിൽ നിന്ന് പുതുതലമുറയിലെ കൂട്ടികൾ ഇപ്പോൾ അകന്നു നിൽക്കുന്നതായി നിരീക്ഷിക്കാവുന്നതാണ്. അങ്ങനെ നോക്കുമ്പോൾ, സ്കൂൾ തലത്ത് ലൈബ്രറി സൗകര്യങ്ങൾ വർധിക്കേണ്ടത് ഒരു അനിവാര്യതയാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ എത്ര ഇടങ്ങളിൽ ലൈബ്രറി സൗകര്യം ഉണ്ട് എന്നത് കൂടുതൽ ഗൗരവത്തിൽ ചർച്ചചെയ്യേണ്ടതായി തോന്നാറുണ്ട്.

എഐ കാലത്തെ വയനാ സുഖം
വായനയെന്നത് മറ്റുള്ള സാധ്യതകൾ പോലെത്തന്നെ ഒരു ഇന്ദ്രിയാനുഭൂതി പകരുന്ന ഉപാധിയാണ്. എങ്കിലും നാം വളരെ പ്രാധാന്യം നൽകേണ്ടതും ഗൗരവത്തോടെ സമീപിക്കേണ്ടതുമായ ഒരു മേഖലയാണ് വായന. എന്ത് വായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. വരികൾക്കിടയിലൂടെ സഞ്ചരിക്കാനും സാധിക്കണം. അവിടെയാണ് വായനക്കാരന്‍റെ വിജയം. നിർമിതബുദ്ധി( ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനയ്ക്കും വിമർശനാത്മക ചിന്തകൾക്കും ഏറെ പ്രാധാന്യമുണ്ട്. പുസ്തകങ്ങളുടുള്ള പ്രണയവും കവിതാ ലോകത്തെ സഞ്ചാരവും കൂടുതൽ ശക്തമാക്കാനാണ് രഘുനാഥിന്‍റെ ആഗ്രഹം. എ. കുഞ്ഞികൃഷ്ണൻ– എം ഒ കമലാക്ഷി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ സുജ, മക്കളായ ഗംഗ, ഇഷാൻ എന്നിവർ ദുബായിൽ കൂടെയുണ്ട്. ഫോൺ:+971 50 547 2025.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments