അബുദാബി : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പാസ്‌പോർട്ട്, വീസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ ഔട്ട്‌സോഴ്‌സിങ് സർവീസ് പ്രൊവൈഡറായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങൾ പാസ്‌പോർട്ടും വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്നതിന് ഞായർ ഉൾപ്പെടെ ആഴ്‌ചയിലെ ഏഴു ദിവസവും ലഭ്യമാകും.
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞാൻ ആവർത്തിക്കുന്നു. ഈ ലക്ഷ്യത്തോടെ, കഴിഞ്ഞ ആഴ്ച മുതൽ, പാസ്‌പോർട്ട്, വീസ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്‌സ് സേവന ദാതാവ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രവാസികളുടെ ആവശ്യവും അഭ്യർഥനയും കണക്കിലെടുത്ത്, പാസ്‌പോർട്ട്, വീസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ദുബായിലും ഷാർജയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കേന്ദ്രങ്ങൾ പ്രാദേശിക സർക്കാർ അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുന്നു. ഞായറാഴ്ചകളിൽ, അപേക്ഷകർക്ക് തത്കാൽ കേസുകൾ, അത്യാഹിത കേസുകൾ (ചികിത്സ, മരണം) ഒഴികെയുള്ള അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷ രാവിലെ 9 മുതൽ 3 വരെ മാത്രമേ സമർപ്പിക്കാൻ കഴിയൂ. https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് ബിഎൽഎസിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.