Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതുർക്കി-സിറിയ ഭൂകമ്പം: പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ 11 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

തുർക്കി-സിറിയ ഭൂകമ്പം: പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ 11 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

അബുദാബി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പിന്തുണ നൽകാനായി അഞ്ച് മില്യൺ ദിർഹം (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) ധനസഹായം ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുള്ള എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അദ്ദേഹം സഹായം കൈമാറി. മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തരസഹായങ്ങൾ എത്തിക്കാൻ ആദ്യഘട്ടത്തിൽ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ഒപ്പം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുമുള്ള പ്രവർത്തങ്ങൾക്കും പിന്തുണ ഗുണകരമാകും.

ഫെബ്രുവരി ആറിനായിരുന്നു ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പം തുർക്കിയിലും സിറിയയിലും ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 34,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് കുടുംബങ്ങൾക്ക് വീട് ഇല്ലാതായി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച ഏകദേശം 23 മില്യൺ ആളുകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്. ഭൂകമ്പ ബാധിത മേഖലയിൽ സഹായവും ദുരിതാശ്വാസ പ്രവർത്തകരുമായി നിരവധി വിമാനങ്ങളാണ് യു.എ.ഇ അയച്ചത്.

”ഭൂകമ്പം നാശം വിതച്ച മേഖലയിലേക്ക് സഹായമെത്തിക്കാനുള്ള യു.എ.ഇ ഭരണകൂടത്തിന്റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പമാണ് മനസ്. ലോകമെമ്പാടുനിന്നുമുള്ള സഹായങ്ങൾ മേഖലയിലെ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷ” – ഡോ. ഷംഷീർ പറഞ്ഞു.

തുർക്കിക്ക് സഹായം നൽകാനുള്ള ഡോ. ഷംഷീർ വയലിന്റെ തീരുമാനത്തെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഭിനന്ദിച്ചു. ദുരിതബാധിത പ്രദേശത്തെ സമഗ്ര പ്രവർത്തങ്ങൾക്ക് തുക ഉപയോഗപ്പെടുത്തും. തുർക്കിയിലെ ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനായി ‘ബ്രിഡ്ജസ് ഓഫ് ഗുഡ്‌നസ്’ എന്ന പേരിൽ സംഘടന പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ ആരോഗ്യമേഖലയിലെ പ്രമുഖ സംരംഭകനായ ഡോ. ഷംഷീർ നേരത്തെയും നിരവധി ദുരന്തവേളകളിൽ ജനങ്ങൾക്ക് സുപ്രധാന സഹായങ്ങളുമായെത്തിയിരുന്നു. സദുദ്ദേശ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും വ്യവസായ പ്രമുഖൻ വാറൺ ബഫറ്റും ചേർന്ന് ആരംഭിച്ച ‘ദ ഗിവിങ്ങ് പ്ലെഡ്ജി’ന്റെ ഭാഗമാണ് 2018 മുതൽ ഡോ. ഷംഷീർ. കൂടാതെ, കോവിഡ് മഹാമാരിക്കാലത്ത് സർക്കാരുകൾക്കും ജനങ്ങൾക്കും പിന്തുണയേകാൻ അദ്ദേഹം മുന്നണിയിൽ തന്നെയുണ്ടായിരുന്നു. നിപ്പ വൈറസ് കേരളത്തിൽ ആശങ്ക സൃഷ്ടിച്ച സമയത്ത് രണ്ട് കോടി രൂപയുടെ മരുന്നുകളും മെഡിക്കൽ സപ്ലൈകളും അദ്ദേഹം എത്തിച്ചിരുന്നു. പ്രളയം തകർത്ത വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം 10 കോടി രൂപ ചെലവിൽ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമാക്കി പുനർനിർമിച്ച ഡോ. ഷംഷീർ 12 കോടിയിലേറെ വിലമതിക്കുന്ന ദുരിതാശ്വാസ സാമഗ്രികളും പ്രളയാനന്തരം സംസ്ഥാനത്തെത്തിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments