യു.എ.ഇയിൽ ചികിത്സയും ഓൺലൈനിലേക്ക് ചുവടുമാറ്റുന്നു. എല്ലാ ആശുപത്രികൾക്കും ഓൺലൈൻ സേവനം നിർബന്ധമാക്കാൻ നടപടി തുടങ്ങി. ആരോഗ്യ കേന്ദ്രങ്ങൾ ഒരു സേവനമെങ്കിലും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം. സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടക്കുന്ന ‘റിമോട്ട്’ ഫോറത്തിലാണ് ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും നിർബന്ധമായും ഓൺലൈൻ സേവനങ്ങൾ ആരംഭിക്കണമെന്ന നിർദേശമുയർന്നത്.
മരുന്ന് നിർദേശങ്ങൾ, ശരീരത്തിലെ മാറ്റങ്ങളുടെ നിരീക്ഷണം, റോബോട്ടിക്ക് ശസ്ത്രക്രിയ, മെഡിക്കൽ കൺസൾട്ടേഷൻ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ വിദൂര സംവിധാനം ഏർപ്പെടുത്തേണ്ടത്. ഈ വർഷം അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഇവയിൽ ഏതെങ്കിലും ഒരെണ്ണം വിദൂര സംവിധാനത്തിലേക്ക് മാറ്റിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഡിജിറ്റൽ ഹെൽത്ത് സ്ട്രാറ്റജി വിഭാഗം മേധാവി ശൈഖ ഹസൻ അൽ മൻസൂരി പറഞ്ഞു. ഏത് സേവനമാണ് വിദൂര സംവിധാനത്തിലേക്ക് മാറ്റാനാവുകയെന്ന് സ്ഥാപനങ്ങൾ അറിയിക്കണം. നിലവിൽ ഇത്തരം ഓൺലൈൻ സേവനം നൽകുന്നവരും ഇക്കാര്യം അറിയിക്കണം. മാറ്റത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് വേണ്ട സഹായം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
വിദൂര ആരോഗ്യസേവനം സംബന്ധിച്ച് പ്രത്യേക നിയമനിർമാണവും പ്രവർത്തന ചട്ടക്കൂടും രേഖപ്പെടുത്തുമെന്ന് അധികൃതർ പരഞ്ഞു. സാങ്കേതിക സൗകര്യങ്ങൾ വികസിക്കുന്ന ഇക്കാലത്തും എന്തിനാണ് ഡോക്ടറെ കാണാൻ രോഗികൾ അരമണിക്കൂറിലേറെ ആശുപത്രിയിൽ കാത്തുനിൽക്കുന്നതെന്ന് ഇവർ ചോദിച്ചു.