ഷാർജ∙ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. റമസാൻ പ്രമാണിച്ചാണ് നടപടി.
തടവു കാലത്ത് നല്ല പെരുമാറ്റവും സത് സ്വഭാവവും പ്രകടിപ്പിച്ച, തിരഞ്ഞെടുത്ത തടവുകാർക്കാണ് മോചനം ലഭിക്കുക. കുറ്റവാളികൾക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിലേയ്ക്ക് മടങ്ങിവരാനും നല്ല വ്യക്തികളാകാനും കുടുംബത്തിന്റെ സ്ഥിരത നിലനിർത്താനും അവരെ പ്രാപ്തരാക്കുക എന്ന ഷാർജ ഭരണാധികാരിയുടെ വീക്ഷണത്തിൻ്റെ അടിസ്ഥാനമാക്കിയാണ് ഉത്തരവ്.
തടവിലുള്ളവർക്ക് കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിന് നൽകിയ ഇൗ അനുഗ്രഹത്തിന് ഷാർജ ഭരണാധികാരിയോട് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി നന്ദി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന ഒരു നല്ല വ്യക്തിയാകാൻ ഈ അവസരത്തെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.