കുവൈത്തില്‍ സുരക്ഷാപരിശോധന ശക്തമാക്കുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ നൂറു കണക്കിന് പ്രവാസികള്‍ പിടിയിലായി. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്.
ഫർവാനിയ, അൽ-ഖുറൈൻ മാർക്കറ്റ് പരിസരം, കുവൈത്ത് സിറ്റി തുടങ്ങി പ്രവാസികള്‍ ഒരുമിച്ച് കൂടുന്ന ഇടങ്ങളിലാണ് വ്യാപക റെയ്ഡ് നടന്നത്. സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരെയും അനധികൃത താമസക്കാരെയും തൊഴിൽ നിയമം ലംഘിച്ചവരെയുമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. റമദാനില്‍ യാചന നടത്തിയവരെയും പൊലീസ് പിടികൂടി.
കുവൈത്തില്‍ യാചന നിരോധിക്കുകയും ഇതിനെതിരായ നടപടി കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാട് കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.