അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ. അഹ്ലൻ മോദി പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇന്ത്യ-യു.എ.ഇ ബന്ധം ലോകത്തിന് മാതൃകയാണെന്ന് മോദി പറഞ്ഞു.
പ്രവാസികളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. തനിക്ക് ലഭിച്ച സായിദ് പുരസ്കാരം ഇന്ത്യക്കാർക്ക് ഉള്ളതാണ്. ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് യു.എ.ഇയിലേത്.
കോവിഡ് കാലത്ത് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവരെ കുറിച്ച് ഭയം വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ക്ഷേത്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചോദിക്കുന്ന സ്ഥലം നൽകി.
ഇന്ത്യയുടെ വികസനത്തിൽ പങ്കാളിയാണ് യു.എ.ഇ. വളർച്ചയിൽ ഒന്നിച്ചു നിന്നവരാണ്. കാലപുസ്തകത്തിൽ സമയത്തിന്റെ പേനകൊണ്ട് എഴുതിയതാണ് ഇന്ത്യ- യു.എ.ഇ ബന്ധത്തിന്റെ ചരിത്രം.
സി.ബി.എസ്.ഇ ആസ്ഥാനം യു.എ.ഇയിൽ ഉടൻ തുറക്കും. 2047ൽ ഇന്ത്യ വികസിത രാജ്യമാകും. മൂന്നാംവട്ടം അധികാരത്തിൽ വരുമ്പോൾ ഇന്ത്യ മൂന്നാമത്തെ സമ്പത്തിക ശക്തിയാകുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനായിരിക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
അബൂദബിയിൽ പണിപൂർത്തിയായ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്.