ഷാർജ : ടാക്‌സിയിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 13, 15 വയസ്സുള്ള പെൺകുട്ടികൾ രക്ഷിതാക്കൾ ആരുമില്ലാതെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. 13 വയസ്സുള്ള മകളും അവളുടെ സുഹൃത്തും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഏഷ്യക്കാരനായ ടാക്സി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പരാതിപ്പെട്ടു.
ടാക്‌സി ട്രാക്ക് ചെയ്യാനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാനും കഴിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മാതാപിതാക്കളുടെ അറിവോടെയായിരുന്നു പെൺകുട്ടികൾ യാത്ര ചെയ്തത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് രക്ഷിതാക്കളെ വിളിച്ച് പൊലീസ് നിർദേശിച്ചു. കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും വ്യക്തമാക്കി.