സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് നൽകിയ പിന്തുണകൾക്ക് പ്രധാനമന്ത്രി മോദി നന്ദിയറിയിക്കുകയും ചെയ്തു.
സുഡാനിലെ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ അതിരൂക്ഷമായ തർക്കം ആരംഭിക്കുകയും ഇത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികൾ സുഡാനിൽ കുടുങ്ങി. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ സുഡാനിൽ നിന്ന് തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഏറ്റെടുത്ത രക്ഷാദൗത്യത്തിന്റെ പേരാണ് ഓപ്പറേഷൻ കാവേരി. തലസ്ഥാന നഗരമായ ഖാർത്തൂം ഉൾപ്പെടെ സുഡാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടന്നിരുന്ന ഇന്ത്യക്കാരെ മാതൃരാജ്യത്തിന്റെ സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഓപ്പറേഷൻ കാവേരിയിലൂടെ കേന്ദ്രസർക്കാരിന് സാധിച്ചിരുന്നു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകൾ ജിദ്ദയിലാണ് നങ്കൂരമിട്ടിരുന്നത്. സുഡാനുമായി സംവദിച്ച് ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കാൻ വേണ്ട സഹായങ്ങൾ സൗദി ഭരണകൂടം ചെയ്തു നൽകി. തുടർന്നാണ് ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ തിരിച്ചെത്തിയത്.