Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎഇയിൽ കനത്ത മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്; മലയാളികൾക്കടക്കം നിരവധി പേർക്ക് വൻ നാശനഷ്ടങ്ങൾ

യുഎഇയിൽ കനത്ത മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്; മലയാളികൾക്കടക്കം നിരവധി പേർക്ക് വൻ നാശനഷ്ടങ്ങൾ

ഷാർജ: കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയാളികൾക്കടക്കം നിരവധി പേർക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വാഹനങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയുമുണ്ടായി. നാശനഷ്ടങ്ങൾ തടയാൻ അധികൃതർ  ഊർജിത ശ്രമമാണ് നടത്തിയത്.

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഷാർജ റോളയിലേയും ദുബായ് അൽഖൂസിലേയും കടകമ്പോളങ്ങളുടെയും മറ്റും നെയിം ബോർഡുകൾ ഇളകി വീഴുകയും സാധന സാമഗ്രികൾ പറന്നുപോവുകയും ചെയ്തു.  തങ്ങളുടെ സാധനങ്ങൾ കൈക്കലാക്കാൻ മലയാളികളും പാക്കിസ്ഥാനികളുമടക്കമുള്ള വ്യാപാരികൾ ശ്രമിക്കുന്ന വിഡിയോയും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കൊടുങ്കാറ്റാണ് വീശുന്നതെന്ന് ഒരു മലയാളി  പറയുന്നതും ഒരു വിഡിയോയിൽ കേൾക്കാം. 

വെള്ളിയാഴ്ച അബുദാബിയിലെ അൽ ഹയാർ ഭാഗത്ത് ഒരു സൈൻപോസ്റ്റ് കാറിന് മുകളിൽ വീണു. ഭാഗ്യത്തിനാണ് കാറിലെ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മണൽക്കാറ്റും ആലിപ്പഴവും കനത്ത മഴയും ശക്തമായ കാറ്റും പല എമിറേറ്റുകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി. ദുബായ് ഹിൽസ് എസ്റ്റേറ്റിലെ അടക്കം എമിറേറ്റിൽ കടപുഴകി വീണ മരങ്ങൾ മുനിസിപ്പാലിറ്റി ജീവനക്കാർ  നീക്കം ചെയ്തു. മറ്റ് എമിറേറ്റുകളിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചവരെ സഹായിക്കാനും അധികൃതർ പ്രവർത്തിക്കുന്നുണ്ട്. മിക്ക വ്യാപാരികൾക്കും കൃത്യമായ ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടക്കണക്ക് വലുതാകില്ലെന്നാണ് പ്രതീക്ഷ. 

100 എമർജൻസി റിപോർട്ടുകൾ

 ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ദുബായ് മുനിസിപ്പാലിറ്റിക്ക് 100 എമർജൻസി റിപോർട്ടുകൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. ദുബായിലെ ഏതാനും പ്രദേശങ്ങളിൽ മഴവെള്ളക്കുളങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര സേനാംഗങ്ങൾ രംഗത്തിറങ്ങി. പ്രധാനപ്പെട്ടതും ഉൾപ്രദേശങ്ങളിലുമുള്ളതുമായ ഒട്ടേറെ റോഡുകളിൽ വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള റിപോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു. 

ഇത്തരത്തിൽ ഉൾപ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ 69 റിപോർട്ടുകളാണ് ലഭിച്ചത്. പ്രധാന റോഡുകളിൽ 16 മരങ്ങൾ വീണതായും റിപോർട്ടുണ്ട്. ഇതുകൂടാതെ മഴവെള്ളം കെട്ടിനിൽക്കുന്നത് വറ്റിക്കാൻ 18 അപേക്ഷകൾ നഗരസഭയ്ക്ക് ലഭിച്ചു.

റോഡരികിലെ മരക്കൊമ്പുകൾ, പുല്ല്, മണൽ തുടങ്ങിയ മാലിന്യ നിർമാർജന നടപടിക്രമങ്ങൾക്കും മഴവെള്ളം കെട്ടിനിൽക്കുന്നതും കവിഞ്ഞൊഴുകുന്നതും മൂലം അടഞ്ഞുപോയ ഭൂഗർഭ അഴുക്കുചാലുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും മുനിസിപ്പാലിറ്റി അധിക തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും റിപോർട്ടുകളോ അത്യാഹിതങ്ങളോ ഉണ്ടെങ്കിൽ പ്രാഥമിക എമർജൻസി നമ്പറായ 800900-ലേയ്ക്ക് വിളിക്കാൻ ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

∙ യുഎഇയിൽ മഴ തുടരുമെന്ന് എൻസിഎം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് കൂടുതൽ മുൻകരുതൽ എടുക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.  അൽഐനിൽ കനത്ത മഴയും ആലിപ്പഴ വർഷവും പെയ്ത വെള്ളിയാഴ്ച മുതൽ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പലയിടത്തും ചാറ്റൽ മഴയും ഇടിയും പൊടിക്കാറ്റും ഉണ്ടായി. അൽ ബർഷ, അൽ മർമൂം, അൽ ബരാരി, എമിറേറ്റ്‌സ് റോഡ്, അൽ ഖുദ്ര റോഡ്, ജബൽ അലി ലെഹ്ബാബ്, അൽ ഐൻ-ദുബായ് റോഡുകളിൽ കനത്ത മഴയാണ് എൻസിഎം രേഖപ്പെടുത്തിയത്. കാറ്റിന്റെ വേഗം മിതമായ തോതിൽ ഉയർന്നതോടെ ദുബായുടെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞു. കറാമ, ഊദ് മേത്ത, ദയ്‌റ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ഷാർജയിലും അജ്മാനിലും കനത്ത മഴയും അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും അനുഭവപ്പെട്ടു. 

ഈ മാസം എട്ട് വരെ സുഖകരമല്ലാത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻസിഎം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇന്ന് ഉച്ചതിരിഞ്ഞ്  വ്യത്യസ്ത തീവ്രതയോടെയുള്ള മഴ പ്രതീക്ഷിക്കുന്നു. അൽ ഐൻ ഉൾപ്പെടെ ചില കിഴക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മിന്നലും ഇടിമുഴക്കവും ഉണ്ടായേക്കാം. കൂടാതെ ചില ഉൾ പ്രദേശങ്ങളിലും ഇത് വ്യാപിച്ചേക്കാമെന്നും അഭിപ്രായപ്പെട്ടു. 

നാളെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പമുള്ളതായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. കിഴക്കൻ തീരത്ത് രാവിലെ വീണ്ടും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഉച്ചതിരിഞ്ഞ് സംവഹന മേഘ രൂപീകരണമോ മഴയോ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.  യുഎഇയിലുടനീളമുള്ള ആകാശം ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും അൽ ഐനിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള പ്രദേശങ്ങളിൽ  പകൽസമയത്ത് 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ശക്തമായ പൊടിപടലത്തിന് കാരണമായേക്കും. ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ എത്തും. യുഎഇയിൽ സാധാരണ പെയ്യാറുള്ള വേനൽ മഴ വർധിപ്പിക്കുന്നതിനും രാജ്യത്തിന് ആവശ്യമായ ജലസ്രോതസ്സുകൾ ലഭ്യമാക്കുന്നതിനുമായി ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എൻസിഎം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments