റിയാദ്: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായി ആഘോഷിക്കും. റിയാദ് ഡിേപ്ലാമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയപതാക ഉയർത്തും. തുടർന്ന് അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ആഘോഷത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിൽ ദമ്മാം അൽഖൊസാമ സ്കൂളിലെ സൈനബ് അഖീബ് പത്താൻ, റിയാദ് യാര സ്കൂളിലെ സാറാ ഫാത്വിമ സിദ്ദീഖ്, ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ എഡ്വിൻ തോമസ് ബിനു എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി മൾട്ടിപർപ്പസ് ഹാളിൽ നടന്ന ‘മേരി മാത്തി, മേരാ ദേശ്’ സാംസ്കാരിക സായാഹ്നത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് സംസാരിക്കുന്നു
ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ മൾട്ടിപർപ്പസ് ഹാളിൽ ഇന്ത്യൻ എംബസി ‘മേരി മാത്തി, മേരാ ദേശ്’ എന്ന പേരിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് പരിപാടിയിൽ മുഖ്യാതിഥിയായി. ഇന്ത്യൻ സമൂഹത്തിൽനിന്ന് ക്ഷണിക്കപ്പെട്ട നിരവധിപേർ പങ്കെടുത്തു. സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു.
‘മേരി മാത്തി, മേരാ ദേശ്’ പരിപാടിക്കുമുമ്പായി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും പഞ്ച് പ്രാൻ പ്രതിജ്ഞയെടുത്തു.