ദില്ലി: ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്.
ഇവർ അൽദഹ്റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴും ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ചച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.
കഴിഞ്ഞ ഒരു വർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.