അബുദാബി: കാണികള്‍ക്ക് ആകാശ വിസ്മയത്തിന്റെ പുതിയ അനുഭവം സമ്മാനിച്ച് അന്താരാഷ്ട്ര എയര്‍ഷോക്ക് ദുബായില്‍ തുടക്കം. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോക്ക് വേദിയാകുന്നത്. ആദ്യ ദിനം നൂറുകണക്കിന് ആളുകളാണ് ആകാശ വിസ്മയം കാണാന്‍ എത്തിയത്. എയര്‍ ഷോയുടെ പതിനെട്ടാമത് എഡിഷനാണ് ഇത്തവണത്തേത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിരുന്നെത്തിയ ആകാശ വിസ്മയത്തെ ആവേശ പൂര്‍വം വരവേല്‍ക്കുകയാണ് സ്വദേശികളും വിദശികളും. എയര്‍ഷോ പതിനേഴാം തീയതി വരെ നീണ്ടു നില്‍ക്കും. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള കൂടുതല്‍ കമ്പനികളും പ്രദര്‍ശകരും എയര്‍ ഷോയില്‍ പങ്കാളിയാകുന്നുണ്ട്. 95 രാജ്യങ്ങളില്‍ നിന്നുള്ള 1,400-ലധികം പ്രദര്‍ശകരാണ് ആകാശ വിസ്മയം ഒരുക്കുന്നത്.
ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
വിമാന നിര്‍മാതാക്കളും എയര്‍ലൈന്‍ ഉടമകളും, വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടെ വലിയ സംഘമാണ് ദുബായില്‍ എത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലുളള വിമാന കൈമാറ്റ കരാറുകളും എയര്‍ഷോയുടെ ഭാഗമായി ഒപ്പുവക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്.