റിയാദ്: സൗദിയിലെ പ്രവാസികൾക്ക് അഭിമാനം പകർന്ന് സൗദി ദേശീയ ഗെയിംസിൽ ഇത്തവണയും മലയാളിത്തിളക്കം. കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയ്ക്ക് ബാഡ്മിന്‍റണിൽ സ്വർണമെഡല്‍ ലഭിച്ചു. കഴിഞ്ഞ വർഷവും ഖദീജ നിസ സ്വർണമണിഞ്ഞിരുന്നു. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്‍റെയും ഷാനിദയുടെയും മകളാണ് ഖദീജ നിസ.
അനുദിനം ചെറുപ്പമാകുന്ന മഞ്ജു വാര്യർ; വൈറലായി ഓസ്ട്രിയ-വിയന്ന ചിത്രങ്ങൾ, ചൂളമടിച്ച് കറങ്ങി നടക്കും ലേഡി സൂപ്പർ സ്റ്റാർ
പത്തു ലക്ഷം റിയാലാണ് ഈയിനത്തിൽ സമ്മാനത്തുക. കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം നേടി ഖദീജ അതിന് ശേഷവും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സൗദിയെ പ്രതിനിധീകരിച്ച് ഏഴ് ടൂർണമെൻറിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പങ്കെടുത്തത്. കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിന്‍റെ ഭാഗമായി കളത്തിലിറങ്ങിയ പെൺകുട്ടി ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിച്ചത്. രാജ്യന്തര, ജിസിസി തല മൽസരങ്ങളിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളാണ് ബാഡ്മിന്‍റൺ കോർട്ടിൽ ഷട്ടിൽ പായിച്ച് ഖദീജ സ്വന്തമാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാനും മത്സരിക്കാനും അവസരം നൽകുന്നുണ്ട്. അങ്ങനെയാണ് ഖദീജയ്ക്കും ദേശീയ ചാംപ്യനും താരവുമാകാനുള്ള വാതിൽ തുറന്നത്. ഈയടുത്ത് ബഹ്റൈനിൽ നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർ ഇന്‍റർനാഷനൽ ചാംപ്യൻഷിപ്പിലും കയ്യ്നിറയെ മെഡലുകളാണ് സൗദിയെ പ്രതിനിധീകരിച്ച് നേടിയത്. വ്യക്തഗത ഇനത്തിലും ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയിലുമാണ് സ്വർണവും വെള്ളിയും വെങ്കലവും തൂത്തുവാരി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചത്.
കായിക പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് ഖദീജ നിസ കടന്നു വരുന്നത്. റിയാദിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന എൻജിനീയറായ പിതാവ് കൊടുവള്ളി, കൂടത്തിങ്കൽ ലത്തീഫ് കോട്ടൂർ നാട്ടിലും സൗദിയിലും ബാഡ്മിന്‍റൺ കളിക്കുന്നുണ്ട്. ലത്തീഫിന്‍റെ പിതാവായ കുടത്തിങ്ങൽ ഇബ്രാഹീം ഹാജിയും കൊടുവള്ളിയിൽ പേരെടുത്ത പഴയകാല ബോൾബാഡ്മിന്‍റൺ , വോളിബോൾ കളിക്കാരനും കളരിഗുരുക്കളുമായിരുന്നു. പ്രവാസ ലോകത്തും ബാഡ്മിന്‍റൺ കളിതുടർന്ന ലത്തീഫ് ഒപ്പം മക്കളെയും കൂടെ കൂട്ടുമായിരുന്നു. റിയാദിലെ സിൻമാർ ബാഡ്മിന്‍റൺ അക്കാദമിയിൽ പിതാവ് ഷട്ടിൽ കളിക്കുന്നത് സ്ഥിരം കാഴ്ചയായത് ഖദീജക്കും ഒപ്പം സഹോദരങ്ങൾക്കും റാക്കറ്റ് പിടിക്കാൻ പ്രേരണയായി.
ദേവഗിരി സെന്‍റ് ജോസഫ് കോളജിൽ ഡിഗ്രി പഠനം നടത്തുന്ന മുതിർന്ന സഹോദരിയായ റിയ ഫാത്തിമ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാഡ്മിന്‍റൺ താരമാണ്. ഇളയ സഹോദരനായ പന്ത്രണ്ട് വയസ്സുകാരൻ മുഹമ്മദ് നസ്മി ഓൾ ഇന്ത്യ നാഷനൽ സബ് ജൂനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷം കളിച്ചിരുന്നു. കൂടാതെ കേരള സംസ്ഥാന സബ്‌ജൂനിയർ ടൂർണ്ണമെന്‍റിൽ (അണ്ടർ13) ഡബിൾസിലും, തിരുവനന്തപുരത്ത് നടന്ന ഓൾകേരള ബാഡ്മിന്‍റൺ ടൂർണമെന്‍റിലും ജേതാവാണ്. നിലവിൽ പ്രകാശ് പദുക്കോൺ അക്കാദമിയിൽ പരിശീലനം നേടുകയാണ് മുഹമ്മദ് നസ്മി.