ദുബായ്: ക്രിസ്മസ് ജിംഗിൾ നാദമുയർന്നതോടെ വർണാഭ ആഘോഷങ്ങൾക്കൊരുങ്ങി യുഎഇയിലെ പ്രവാസി മലയാളികൾ. വൈവിധ്യമാർന്ന പരിപാടികളാണ് വ്യക്തികളും സംഘടനകളും ആസൂത്രണം ചെയ്യുന്നത്. ഒട്ടേറെ പേർ ക്രിസ്മസിന് നാട്ടിലേക്ക് യാത്ര തിരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിലേറെ പേർ പ്രവാസ ലോകത്ത് തന്നെ ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പലരും ഇതിനകം ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും വാങ്ങി ഫ്ലാറ്റുകളിലും ബാൽക്കണികളിലും സജ്ജീകരിച്ചു കഴിഞ്ഞു.
അതേസമയം, കേരളത്തിലെ ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷവിധാനമായ ചട്ടയും മുണ്ടുമായി രംഗത്തെത്തിക്കുകയാണ് ദുബായിലെ ബി ദേശി സ്ഥാപന ഉടമയും സാമൂഹിക പ്രവർത്തകയുമായ ബിന്ദു നായർ. കേരളത്തിലെ യുവജനോത്സവങ്ങളിൽ മാര്‍ഗംകളി മത്സരത്തിലാണ് പൊതുവേ ചട്ടയും മുണ്ടും ഇപ്പോൾ കാണാറുള്ളത്. ചട്ടയും മുണ്ടും എന്തെന്നറിയാത്ത പ്രവാസ ലോകത്തെ പുതുതലമുറയ്ക്ക് ഈ പരമ്പഗാത വസ്ത്ര വിധാനത്തെ പരിചയപ്പെടുത്തുകയാണ് തന്‍റെ ഉദ്ദേശ്യമെന്ന് ബിന്ദു നായർ പറഞ്ഞു.
ആദ്യമായാണ് യുഎഇയിൽ ചട്ടയും മുണ്ടും ഒരു സ്ഥാപനത്തിൽ വിൽപനയ്ക്കെത്തുന്നത്. നേരത്തെ ഓണപ്പുടവ വിൽപന നടത്തി ശ്രദ്ധിക്കപ്പെട്ട ബിദേശിയിൽ ഇതിനകം ഈ ക്രിസ്തീയ വസ്ത്രങ്ങൾക്ക് വേണ്ടി ഒട്ടേറെ പേരെത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് സവിശേഷത. നാട്ടിൽ ആളുകൾ പഴഞ്ചൻ വസ്ത്രങ്ങളെന്ന് പറഞ്ഞ് മുഖം തിരിക്കുമ്പോൾ പ്രവാസ ലോകത്ത് പഴമയിലേയ്ക്ക് തിരിച്ചുപോകാനിഷ്ടപ്പെടുന്നവർ ഉണ്ടെന്നത് സന്തോഷം പകരുന്നു എന്ന് ബിന്ദു നായർ പറയുന്നു. ക്രിസ്മസ് ആഘോഷ പരിപാടികൾക്കും സ്വകാര്യ ചടങ്ങുകളിലും ധരിക്കാനാണ് പലരും ഇവ സ്വന്തമാക്കുന്നത്.
ചട്ടയും മുണ്ടും എത്തി എന്നറിയിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മലയാളി വനിതകൾ പങ്കെടുത്ത ഫൊട്ടോ ഷൂട്ടും നടത്തി. അജ്മാനിലെ ഒരു ഫാം ഹൗസിൽ നടന്ന ഫൊട്ടോ ഷൂട്ട് ചിത്രീകരിച്ചത് വിദ്യാർഥിയായ അഫ്രീൻ. ബിന്ദു നായരുടെ മാതാവ് ലളിത നായർ, ബാങ്ക് ഉദ്യോഗസ്ഥരായ വിദ്യാ മുരുകേഷ്, ദിവ്യ രാജ്, വീട്ടമ്മയായ നിധി സോണി എന്നിവരാണ് ചട്ടയും മുണ്ടും ധരിച്ച് മോഡലുകളായത്. 125 ദിർഹമാണ് ഈ വേഷവിധാനത്തിന്‍റെ വില. പുതുതലമുറ നാട്ടിലേതിനേക്കാൾ ആവേശത്തോടെ ചട്ടയും മുണ്ടും വാങ്ങിക്കാനെത്തുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ബിന്ദു നായർ പറയുന്നു. കരാമയിലാണ് ബി ദേശി എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഫോൺ:058 626 7155.