കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (ആർ.എ.ഐ), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് മുൻകൈയെടുക്കും.
അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടെയും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റേയും സാന്നിധ്യത്തിൽ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളിയും ഒപ്പു വെച്ചു.
കേരളത്തിലെ കലാകാരൻമാരുടെ സൃഷ്ടികൾ ലോകത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്തമാണ് റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് ഏറ്റെടുക്കുന്നതെന്ന് റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫിലും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഷഫീന യൂസഫ് അലി പറഞ്ഞു. കലാപരമായും, സാംസ്കാരിക പരമായും കേരളവും, അറബ് രാജ്യങ്ങളും തമ്മിൽ വളരെയേറെ സാമ്യം ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരഭവമായി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് മുന്നിട്ടിറങ്ങിയത്. തങ്ങൾ ഇത്തരത്തിലൊരു സഹകരത്തിന് കേരള ലളിത കലാ അക്കാദമിയെ സമീപിച്ചപ്പോൾ തന്നെ പിൻതുണ നൽകിയ കേരള ലളിത കലാ അക്കാദമിക്ക്, റിസ്ക്ക് ആർട്ട് ഇനിഷേറ്റീവിന്റെ പ്രത്യേക നന്ദിയും ഷഫീന അറിയിച്ചു.
പ്രശസ്തനായ കലാകാരനായ ആറ്റിങ്ങൽ രാമചന്ദ്രന്റെ സൃഷ്ടി ഷഫീന യൂസഫ് അലി പ്രദർശിപ്പിച്ച്കൊണ്ടാണ് അബുദാബി – കേരള സംരംഭത്തിന് തുടക്കമായത്. കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ഫെലോഷിപ്പ് കേരളത്തിൽ നിന്നുള്ള കലാകാരൻമാരയ മിബിൻ ഭാസ്കർ, മുഹമ്മദ് യാസിർ എന്നിവർക്ക് ചടങ്ങിൽ വെച്ച് ഷഫീന യൂസഫ് അലി കൈമാറി.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവ്വകലാശയിൽ നിന്നും ആർട്ടിസ്റ്റിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, ആർട്ടിസ്റ്റിൽ പി.എച്ച്.ഡിയും ചെയ്തു വരുകയാണ്.