കുവൈത്ത് സിറ്റി : പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് മുൻഗണന. ഉയർന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും തീരുമാനം.
സ്വദേശിവൽക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്കും വായ്പ ലഭിക്കും. കുവൈത്തിൽ 10 വർഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാർ ശമ്പളവും ഉള്ള വിദേശികൾക്ക് വായ്പ 25,000 ദിനാറാക്കി പരിമിതപ്പെടുത്തി. 55 വയസ്സിനു മുകളിലുള്ളവർക്ക് കർശന നിബന്ധനകളോടെ വായ്പ അനുവദിക്കും. സ്വദേശിവൽക്കരണം ശക്തമാവുകയും വിദേശ റിക്രൂട്ട്മെന്റ് കുറയുകയും ചെയ്തതിനാൽ ഒരു വർഷത്തിനിടെ വായ്പ നൽകുന്നത് കുറഞ്ഞതായി റിപ്പോർട്ടുണ്ട്.