കുവൈത്ത് സിറ്റി : കുവൈത്തിൽ മഴ തുടരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നേരിയ തോതിൽ പെയ്യുന്ന മഴയാണ് തുടരുന്നത്. ആകാശ മേഘാവൃതമാണ്. ചൊവ്വാഴ്ച ഉച്ചകഴിയും വരും ഇതേ കാലവസ്ഥ തുടരുന്നതിനാണ് സാധ്യതയെന്ന് കുവൈത്ത് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. ഇതോടൊപ്പം ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ കനത്ത മഴയോടൊപ്പം നേരിയതോതിൽ ആലിപ്പഴവർഷവും പ്രതീക്ഷിക്കാമെന്ന് അൽ-ഖറാവി അഭിപ്രായപ്പെട്ടു.
കൂടാതെ, മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ കാറ്റും പ്രവചിക്കപ്പെടുന്നു, ഇതിനാൽ കടലിൽ ഉയർന്ന തിരമാലകൾക്കും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കാരണമാകും. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ-ഖറാവി പറഞ്ഞു. ബുധനാഴ്ച ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.