നോമ്പ് സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ തുറക്കാവൂ എന്നും കുവൈത്ത് മുന്‍സിപ്പാലിറ്റി നിർദേശം നൽകി. ഇതോടെ റമദാൻ ഒന്ന് മുതൽ പകൽ സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണം. നിർദേശം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ ഫൈന്‍ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു. ജീവനക്കാര്‍ക്ക് സിവിൽ സർവീസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഫ്ലെക്സിബിൾ സമയം തിരഞ്ഞെടുക്കാമെന്ന് മുനിസിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി.
സ്വീപ്പർമാരുടെ ജോലിസമയം റമദാനിൽ പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെ ആയിരിക്കും. ദിവസവും രാത്രി 9:00 മുതൽ പുലർച്ചെ 1:00 വരെയാണ് മാലിന്യം നീക്കം ചെയ്യാന്‍ ട്രക്കുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. റമദാൻ ഒന്ന് മുതൽ പുതിയ സമയക്രമം അനുസരിച്ചു ഡ്യൂട്ടി ക്രമീകരിക്കാൻ കരാർ കമ്പനികൾക്ക് നിർദേശം നൽകിയതായി അല്‍ മന്‍ഫൂഹി പറഞ്ഞു.