കുവൈത്ത് സിറ്റി : കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കമ്പനികളിൽ പങ്കാളിയോ മാനേജിങ് പാർട്ണറോ ആകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. വാണിജ്യവ്യവസായ മന്ത്രാലയമാണ് ഈ നടപടി സ്വീകരിച്ചത്. സ്വകാര്യമേഖയിൽ ആർട്ടിക്കിൾ 18 പ്രകാരം ജീവനക്കാരായിരിക്കുന്ന പ്രവാസികൾക്കാണ് കമ്പനികളിൽ പങ്കാളിയോ മാനേജിങ് പാർട്ണറോ ആകുന്നതിന് വിലക്ക് ഏർപ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
ഇത്തരത്തിൽ പങ്കാളികളായുള്ള കമ്പനികളുടെ റജിസ്ട്രേഷൻ റദ്ദാക്കുകയോ, പങ്കാളികളുടെ പേരുകൾ നീക്കം ചെയ്യുകയോ ചെയ്യും. അല്ലെങ്കിൽ ആർട്ടിക്കിൾ 19 റസിഡൻസിയിലേക്ക് മാറുന്നത് വരെ മരവിപ്പിക്കുകയോ ചെയ്യും. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ആർട്ടിക്കിൾ 18 വീസയാണ് നൽകുന്നത്. എന്നാൽ വിദേശ നിക്ഷേപകർക്കും ബിസിനസ്സ് പങ്കാളികൾക്കുമാണ് ആർട്ടിക്കിൾ 19 എന്ന പ്രത്യേക ഇൻവെസ്റ്റർ റസിഡൻസി അനുവദിക്കാറുള്ളത്. ഒരു ലക്ഷം കുവൈത്തി ദിനാറിലധികം നിക്ഷേപം നടത്തുന്ന വിദേശികൾക്കാണ് ആർട്ടിക്കിൾ 19 റസിഡൻസി ലഭിക്കുന്നത്.