
മസ്‌കത്ത്: മസ്‌കത്തിന് ആഘോഷരാവുകൾ സമ്മാനിച്ച മസ്‌കത്ത് നൈറ്റ്‌സിന് തിരശ്ശീല വീണു. നാൽപത് ദിവസം നീണ്ടു നിന്ന സുന്ദര കാഴ്ചകൾക്കാണ് ഒമാന്റെ തലസ്ഥാന ഗരയിൽ തിരശീല വീണത്. ഫെസ്റ്റിവലിലെ സുന്ദര മുഹൂർത്തങ്ങൾ ഒരുവട്ടം കൂടി കാണാനായി ആയിരക്കണക്കിന് പേർ ഇന്നലെയും ഇന്നുമായി വേദികളിലേക്ക് ഒഴുകിയെത്തി. ഈ വർഷത്തെ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഒമാനി പരമ്പരാഗത ഗ്രാമമായ ഹെറിറ്റേജ് വില്ലേജായിരുന്നു. അവസാന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് അമീറാത്ത് പാർക്കിലെ ഈ വേദിയിലേക്ക് തന്നെയായിരുന്നു.
ധാരാളം പുതിയ കലാകാരന്മാർ, ട്രൂപ്പുകൾ, ഫ്‌ളവർ ഷോ എന്നിങ്ങനെ ഈ വർഷത്തെ മസ്‌കത്ത് നൈറ്റ്‌സ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈവിദ്യങ്ങൾ നിറഞ്ഞതായിരുന്നു. വിനോദത്തിനും ഉല്ലാസത്തിനും അപ്പുറം നൂറുകണക്കിന് ഒമാനി ചെറുകിട ഇടത്തരം സംരംഭ ഉടമകൾക്ക് വേദി തുറന്നുകൊടുക്കുന്നതുകൂടിയായി മസ്‌കത്ത് നൈറ്റ്സ് മാറി. ഫെസ്റ്റിവൽ ഗ്രൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ സന്ദർശകരിലേക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫെസ്റ്റിവലിലേക്ക് എത്തിയത്. നഗരത്തിലെ പ്രധാന ഏഴ് വേദികളിലായിരുന്നു പരിപാടികൾ.