മസ്‌കത്ത്: 27–ാമത് എഡിഷന്‍ മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയ്ക്ക് സമാപനം. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ ഫെബ്രുവരി 22ന് തുടക്കം കുറിച്ച പുസ്തകോത്സവത്തില്‍ 11 ദിനങ്ങളിലായി മൂന്ന് ലക്ഷത്തില്‍ പരം സന്ദര്‍ശകരെത്തി. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് ആയിരുന്നു ഈ വര്‍ഷത്തെ വിശിഷ്ടാതിഥി.
32 രാഷ്ട്രങ്ങളില്‍ നിന്നുള്ള 826 പ്രസാധകര്‍ മേളയുടെ ഭാഗമായിരുന്നു. മലയാളം, അറബി, ഇംഗ്ലിഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള 826 പ്രസാധകര്‍, 1194 പവലിയനുകള്‍, 5900 ആധുനിക പ്രസിദ്ധീകരണങ്ങള്‍, 204,411 വിദേശ പുസ്തകങ്ങള്‍, 260,614 അറബിക് പുസ്തകങ്ങള്‍ എന്നിങ്ങനെ ഏറെ സമ്പന്നമായിരുന്നു ഇത്തവണത്തെ പുസ്തക മേള.
അക്ഷരങ്ങള്‍ തേടിയെത്തിയവരെ ആകര്‍ഷിച്ച് സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വേദികളും സംവാദങ്ങളും അതിഥികളും എഴുത്തുകാരുമായി ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും അരങ്ങേറി. സമാപന ദിവസമായ ഇന്നലെ കൂടുതല്‍ സന്ദര്‍ശകരെത്തി. സാംസ്‌കാരിക പരിപാടികലും ചര്‍ച്ചകളും സംവാദങ്ങളും ഇന്നലെ നടന്നു.