ദുബായ് : ദുബായ് സർക്കാരിന് ഇനി പുതിയ ലോഗോ. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പുതിയ സർക്കാർ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം.
6 മാസത്തിനകം എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് മാറണം. ഭാവിയിൽ ലോകത്തിന്റെ സിരാകേന്ദ്രമായി ദുബായ് മാറുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ദേശീയ പക്ഷി ഫാൽക്കൺ, യുഎഇയുടെ പരമ്പരാഗത ബോട്ട് ദൗ, ഈന്തപ്പന, ഗാഫ് ഇലകൾ എന്നിവ ദേശീയ പതാകയുടെ നിറത്തിൽ സമന്വയിപ്പിച്ചാണ് ലോഗോ തയാറാക്കിയത്.
ദുബായിൽ പൊതു സ്വകാര്യ പങ്കാളിത്തം പ്രോൽസാഹിപ്പിക്കാൻ അടുത്ത രണ്ടു വർഷത്തേക്ക് 4000 കോടി ദിർഹം കൂടി സർക്കാർ അനുവദിച്ചു. ദുബായിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള പാർപ്പിടങ്ങൾ ലഭിക്കുന്നതിനു അഫോഡബിൾ ഹൗസിങ് നയത്തിനും സ്റ്റാർട്ടപ്പുകളെ പ്രോൽസാഹിപ്പിക്കുന്നതിന് സാൻഡ്ബോക്സ് പദ്ധതിക്കും ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി. 2033ൽ ദുബായുടെ വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജൻഡയ്ക്ക് പിന്തുണ നൽകുന്നതിനാണ് 4000 കോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം സാമ്പത്തിക വകുപ്പിനാണ്.
ഡി33 ലക്ഷ്യം പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ വിഹിതമായി 70,000 കോടി ദിർഹവും സ്വകാര്യ മേഖലയിൽ നിന്ന് ഒരു ലക്ഷം കോടി ദിർഹവും വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപമായി 65000 കോടി ദിർഹവും ദുബായുടെ സമ്പദ് ഘടനയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ ശ്രമങ്ങളെ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.