കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് ഭരണഘടന നടപടികളുടെ ഭാഗമായി മന്ത്രിസഭ രാജിവെച്ചത്. പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് രാജിക്കത്ത് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് കൈമാറി. ജനുവരി നാലിനാണ് ശൈഖ് ഡോ. മുഹമ്മദ് സബാഹ് സലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്.
പുതിയ ഗവൺമെൻറ് അധികാരമേൽക്കുന്നത് വരെ മന്ത്രിസഭ തുടരും. കുവൈത്ത് ഭരണഘടനയുടെ 57-ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭയുടെ രാജി. 18ാം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ബുധനാഴ്ച ചേരും. അതിനു മുമ്പ് പുതിയ ഗവൺമെൻറ് രൂപവത്കരണം പൂർത്തിയാകുമെന്നാണ് സൂചനകൾ.