ദോഹ: ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തര്‍. ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല യോഗത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇസ്രായേലിന്റെ അധിനിവേശ സേന ഗസ്സയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ശക്തമായി അപലപിച്ചു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷയില്‍ നിന്ന് അവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും അന്വേഷണം ഉടന്‍ നടത്തണം.
ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും ദോഹ ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല തയ്യാറെടുപ്പ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. 1967ലെ അതിര്‍ത്തികള്‍ പ്രകാരം ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും ഖത്തര്‍ ആവര്‍ത്തിച്ചു. ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം ഗസ്സയിലെ വെടിനിര്‍ത്തല്‍ തുടരാന്‍ കഴിയാതെ വന്ന സാഹചര്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി വിശദീകരിച്ചു.