മസ്‌കത്ത്: രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിനായി പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനും ഒമാനിലെ പ്രധാന നഗരങ്ങൾക്കിടയിലും അയൽ രാജ്യങ്ങൾക്കിടയിലും ഗതാഗത സേവനങ്ങളുടെ സമഗ്ര പദ്ധതി തയ്യാറാക്കുകയുമാണ് ഉദ്ദേശം. ഇതിനായി പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും.
ബസ് റൂട്ട് വിശകലനം, ഷെഡ്യൂളിങ്, സേവന കവറേജ്, സിറ്റികൾക്കിടയിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കൽ ഇവയ്ക്ക് ആവശ്യമായി വരുന്ന ചെലവുകൾ എന്നിവയിൽ പഠനം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ വളർച്ചയുടെ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഗ്രേറ്റർ മസ്‌കത്തിനും മറ്റ് നഗരങ്ങളിലേക്കുമുള്ള അധിക സേവനത്തിന്റെ ആവശ്യകതയും പഠനത്തിലൂടെ കണ്ടെത്തണം. ഒമാൻ സമ്പദ് വ്യവസ്ഥ, ജനസംഖ്യ, നിലവിലുള്ള ബസ് റൂട്ടുകൾ, സംസ്‌കാരം, മറ്റ് ലോജിക്കൽ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പഠനം നടത്തേണ്ടത്.