മസ്‌കത്ത് : ഒമാനിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കണമെന്ന തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിൽ. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. ശാരീരിക പ്രയാസങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ നിർദേശം.ഓഗസ്റ്റ് അവസാനം വരെയാണ് നിയമം നിലനിൽക്കുക.
ചൂട് കനക്കുന്ന കാലാവസ്ഥയിൽ വിശ്രമ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് ചൂട് വർധിച്ചതോടെ പുറത്ത് ജോലി ചെയ്യുന്നവർ കഠിനമായ ചൂട് അനുഭവിക്കുന്നു. ചൂടിൽനിന്നുള്ള മോചനത്തിനായി ഏർപെടുത്തിയ ഉച്ചവിശ്രമം നിർമാണ മേഖലയിലെയും മറ്റും തൊഴിലാളികൾക്ക് ആശ്വാസമാകും. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മധ്യാഹ്ന വിശ്രമം പ്രാബല്യത്തിൽ വരുന്നതോടെ ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് ജോലി സമയം ക്രമീകരിക്കുകയാണ് കമ്പനികൾ ചെയ്ത് വരുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ പരാതി നൽകുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവുമാണ് നിയമ ലംഘകർക്കുള്ള ശിക്ഷ.