മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. അഗ്രികൾച്ചർ, പ്രോസസ്ഡ് ഫുഡ്, സ്‌പൈസസ്, എൻജിനീയറിങ്, കൺസ്ട്രക്ഷൻ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികൾ ബിസിനസ് മീറ്റിൽ പങ്കെത്തു.
ഇൻഡോ ഗ്ലോബൽ ട്രേഡ് എക്‌സിമിന്റെ സഹകരത്തോടെ നടന്ന പരിപാടിയിൽ 40 ഒമാനി കമ്പനികളും സംബന്ധിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ബിസിനസ് മീറ്റ് സഹായകമായി. ഇന്ത്യൻ, ഒമാനി കമ്പനികൾക്ക് ഉഭയകക്ഷി വ്യാപാരവും പരസ്പര വളർച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വേദി കൂടിയായി പരിപാടി മാറി. ഇന്ത്യയും ഒമാനും തമ്മിലുള്ള ദൃഢമായ വാണിജ്യ ബന്ധത്തെ കുറിച്ച് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ചടങ്ങിൽ സംസാരിച്ചു. ഐ.ജി.ടി.ഡി ചേംബർ ഓഫ് കൊമേഴ്സിൻറെ നേതൃത്വത്തിൽ കൃഷി, സംസ്‌കരിച്ച ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എൻജിനീയറിങ്, നിർമ്മാണ മേഖല എന്നിവിടങങളിനിന്നുള്ള ബിസിനസ് പ്രതിനിധി സംഘമാണ് സന്ദർശനത്തിനായി ഒമാനിലെത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടത്. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ ഇന്ത്യ-ഒമാൻ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്.