മനാമ: ‘ലോകം മഹാത്മാഗാന്ധിജിയിലൂടെ അറിഞ്ഞ ഇന്ത്യ ഗാന്ധിയെ മറന്നുപോയോ’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സംവാദത്തിൽ, ഇന്ത്യക്കാർ സൗകര്യപൂർവം മറന്നതായി നടിച്ചുവെന്ന് ബഹുഭൂരിപക്ഷം അഭിപ്രായപ്പെട്ടു.
വരുംതലമുറയിലേക്ക് ഗാന്ധി എന്ന മനോഭാവം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി സംവാദത്തിലേർപ്പെട്ടവർ അഭിപ്രായപ്പെട്ടു. തെറ്റിൽ നിന്ന് ശരിയിലേക്ക് നിരന്തരം സഞ്ചരിച്ച ഗാന്ധി, തിരുത്തപ്പെടേണ്ട അഥവാ മാറ്റപ്പെടേണ്ട മനോഭാവമാണ്. ഇ വി രാജീവൻ മോഡറേറ്ററായ പരിപാടിയിൽ കെ.സി എ പ്രസിഡന്റ് ജയിംസ് ജോൺ, സോഷ്യൽ ആക്ടിവിസ്റ്റ് രജിത സുനിൽ, ജമാൽ ഇരിങ്ങൾ (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), അജികുമാർ (സംസ്കൃതി), ഷിബിൻ തോമസ് (ഐ.വൈ.സി.സി) , എസ് വി ബഷീർ (നവകേരള), നിസ്സാർ കൊല്ലം (കൊല്ലം പ്രവാസി അസോസിയേഷൻ) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
തുടർന്ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അംഗം അജയ കൃഷ്ണൻ, എബി തോമസ്, റിഥി രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സംവാദ പരിപാടിയിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, വൈസ് പ്രസിസൻറ് യു കെ അനിൽ, എക്സിക്യൂട്ടീവ് അംഗം ബബിന സുനിൽ, മുജീബ്, നിസാർ മുഹമ്മദ്, വിനോദ് ഡാനിയൽ, ബഹ്റൈനിലെ വിവിധ സംഘടനകളിലെ സാംസ്കാരിക പ്രമുഖർ എന്നിവർ സംബന്ധിച്ചു. ദിനേശ് ചോമ്പാല, ധന്യ മനോജ് എന്നിവർ ചേർന്ന് ആലപിച്ച വൈഷ്ണവ ജനതോ, രഘുപതി രാഘവ രാജാറാം എന്നീ ഭജൻസും ഉണ്ടായിരുന്നു.