ഒമാൻ: മസ്‌കത്ത് മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായിക്കഴിഞ്ഞുവെന്നും ഇത് ഉടൻ തന്നെ മന്ത്രി സഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി. മസ്‌കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോയുടെ പഠനം പൂർത്തീകരിച്ചിട്ടുള്ളത്.
മസ്‌കത്തിൽ ശക്തമായ ഒരു പൊതുഗതാഗത സംവിധാനം ആവശ്യമാണ്. തലസ്ഥാന നഗരത്തിൻറെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണ്. മെട്രോ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. മസ്‌കത്ത് എക്‌സ്പ്രസ് വിപുലീകരണ ശ്രമങ്ങൾ പ്രശംസനീയമാണെങ്കിലും, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025 -2030 നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവപ്പാണ് മസ്‌കത്ത് മെട്രാ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.