ദോഹ: നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തറക്കല്ലിട്ടു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ LNG ഉല്‍പാദനം ഉയരുമെന്നാണ് പ്രതീക്ഷ. റാസ് ലഫാന്‍ ഇഅന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നടന്ന പരിപാടിയിലാണ് അമീര്‍ ഖത്തറിന്റെ സ്വപ്നപദ്ധതിയുടെ വികസനത്തിന് തുടക്കം കുറിച്ചത്.
തറക്കല്ലിട്ടതിന് പിന്നാലെ അമീര്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയില്‍ ഖത്തറിന്റെ സ്വാധീനം ഉറപ്പിക്കാന്‍ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിക്ക് സാധിക്കും. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൌത്ത് എന്നിങ്ങനെ രണ്ടായാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പാദനം 77 മില്യണ്‍ ടണില്‍ നിന്ന് 126 മില്യണ്‍ ടണായി ഉയരും.
2026 ഓടെ ഈ ലക്ഷ്യം കൈവരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ നോര്‍ത്ത് ഫീല്‍ഡ് പദ്ധതിയില്‍ നിന്നും എല്‍എന്‍ജി ലഭ്യമായി തുടങ്ങുമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികമായി ഉല്‍പ്പാദിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തില്‍ നല്ലൊരു പങ്കും ഇതിനോടകം തന്നെ വില്‍പ്പനയ്ക്ക് കരാറായിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എല്‍എന്‍ജി പ്രൊജക്ടാണ് നോര്‍ത്ത് ഫീല്‍ഡ് പദ്ധതി.