ദോഹ ∙ വേനൽക്കാല വിനോദ പരിപാടികളുടെ ഭാഗമായി വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ലഖത്തർ ടോയ് ഫെസ്റ്റിവലിന് ജൂലൈ 15 മുതൽ തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 15 ന് ആരംഭിച്ച് ഓഗസ്റ്റ് 14 വരെ നീണ്ടു നിൽക്കുന്ന പരിപാടി ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ലാണ് നടക്കുക. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളെയും കുടുംബങ്ങളെയും ഏറെ ആകർഷിച്ച ഖത്തർ ടോയ് ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടോയ് ഫെസ്റ്റിവൽ ആയിരുന്നു. ഈ വർഷം കൂടുതൽ മികച്ച അനുഭവങ്ങൾ സന്ദർശകർക്ക് ലഭിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ നടക്കുകയെന്ന് വിസിറ്റ് ഖത്തർ അധികൃതർ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഈ വർഷം പുതിയ സോണുകൾ ഉൾപ്പെടെ 17,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 10 സോണുകളിലായാണ് ഫെസ്റ്റിവൽ നടക്കുക. പ്രീസ്‌കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, ആനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിവയാണ് ഇവ. ഫെസ്റ്റിവലിൽ ആരാധകരുടെ പ്രിയപ്പെട്ട ബാർബി, മാർവൽ, ആംഗ്രി ബേർഡ്‌സ്, നരുട്ടോ എന്നിവയുൾപ്പെടെ 50-ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടും. കളിപ്പാട്ടങ്ങളുടെ പരേഡുകളും 19-ലധികം സ്റ്റേജ് ഷോകളും ഉണ്ടായിരിക്കും. കൂടാതെ സംഗീത പരിപാടികളും കച്ചേരികളും, സയൻസ് ഷോകൾ, ഡാൻസ് ഷോകൾ, മത്സരങ്ങൾ മുതലായവ നടക്കും.
ഖത്തറിലെ വേനൽക്കാല പരിപാടികളുടെ ഭാഗമായി ഈ വേനൽക്കാലത്ത് ഖത്തർ ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഖത്തർ ടൂറിസത്തിലെ ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്‌നിക്കൽ സപ്പോർട്ട് വിഭാഗം ആക്ടിങ് ഹെഡ് ഹമദ് അൽ ഖാജ പറഞ്ഞു.