ദോഹ: റമദാനിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. 900ത്തോളം ഉൽപനങ്ങൾക്കാണ് റമദാനില്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരും. സ്വദേശികൾക്കും താമസക്കാർക്കും നോമ്പുകാലത്ത് കുറഞ്ഞ വിലക്ക് സാധന സമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപണി ഇടപെടല്‍.
നിത്യോപയോഗ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികൾ, പരിപ്പ്, കുടിവെള്ളം, ജ്യൂസുകൾ, തേൻ, റൊട്ടി, ടിൻ ഭക്ഷണങ്ങൾ, പാസ്ത എന്നിവ ഉൾപ്പെടെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവയുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
റമദാനിൽ ഭക്ഷ്യ ആവശ്യം വർധിക്കുന്നതിനാലാണ് നിത്യോപയോഗ വസ്തുക്കൾക്ക് വിലകുറവ് വാഗ്ദാനം ചെയ്യുന്നത്.ലുലു ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് മാൾ ഹൈപ്പര്‍മാര്‍ക്കറ്റ്സ്, സഫാരി ഹൈപ്പർമാർക്കറ്റ്, അൽ മീര, കാരിഫോര്‍, ഫാമിലി ഫുഡ്സെന്റർ തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വിലയില്‍ ഇളവ് ലഭിക്കും.
ബലദ്നയുടെ പാൽ, പാൽ അനുബന്ധഉൽപന്നങ്ങൾ, ജ്യൂസ്, ശീതള പാനീയങ്ങൾ, അൽ വജ്ബയുടെ വിവിധ നട്സുകൾ, വിവിധ ബ്രാൻഡുകളുടെ പ്രീമിയം ചോക്ലേറ്റ്, ബിസ്കറ്റ്, അമേരിക്കാന, അൽ ഐൻ, സിയാറ, വിവിധ ഫ്രോസൻ ബ്രാൻഡുകൾ എന്നിവയും വിലക്കുറവോടെ സ്വന്തമാക്കാം.