ദോഹ: ഖത്തറിൽ ഇലക്ട്രോണിക് പേയ്‌മെൻറ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം സേവനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ അടക്കമുള്ള നടപടികളുണ്ടാകും.
പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനുള്ള സൗകര്യം ഒരുക്കണം.ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെൻറ് വാലറ്റ്, ക്യൂ ആർ കോഡ് സ്‌കാനിങ് എന്നീ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 14 ദിവസത്തേക്ക് വരെ സ്ഥാപനം അടച്ചിടുമെന്ന് ഖത്തർ വാണിജ്യ – വ്യവസായ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.