ദോഹ : 2030 ഓടെ ഖത്തറിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന എല്ലാ ബസുകളും ഇലക്ട്രിക് ബസുകളായിരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു. ഇപ്പോൾ റോഡുകളിൽ സഞ്ചരിക്കുന്ന പൊതുഗതാഗത ബസുകളിൽ 73% ഇതിനകം തന്നെ ഇലക്ട്രിക് ആണെന്ന് ഗതാഗത മന്ത്രാലയത്തിലെ റോഡ് ട്രാൻസ്‌പോർട് മേധാവി നജ്‌ല അൽ ജാബിർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നജ്‌ല ഇക്കാര്യം പറഞ്ഞത്.
ഗതാഗത രംഗത്തെ ആഗോള പുരോഗതിയുടെ ഭാഗമായി അത്യാധുനിക ഗതാഗത സംവിധാനം വികസിപ്പിക്കുക എന്നത് ഖത്തർ 2030 വിഷന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഇന്ധന വാഹനങ്ങൾക്കുള്ള വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ ഒരു സർട്ടിഫിക്കേഷൻ സെന്‍റർ ഇലക്ട്രിക് വാഹനങ്ങൾക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തുന്നുണ്ട്.